ചാലക്കുടി: പുതിയ വീട് നിർമ്മിച്ച് പുനരദ്ധിവസിപ്പിക്കാതെ ട്രാംവേ പുറമ്പോക്കിൽ നിന്നും ആരേയും ഒഴിപ്പിക്കില്ലെന്ന് നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ വീട്ടുകാർക്ക് ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം ഒഴിപ്പിക്കലിന്റെ ഭാഗമായി നടന്ന സംഭവവികാസങ്ങളെക്കുറിച്ച് നഗരസഭയിലെത്തിയ വീട്ടുകാരെയാണ് ചെയർപേഴ്‌സൺ ഇക്കാര്യം അറിയിച്ചത്. സ്ഥലം വാങ്ങുന്നതിനാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. സുമനസുകളിൽ നിന്നും പണം സ്വരൂപിച്ച് സ്ഥലം വാങ്ങും. ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളും നിർമ്മിച്ച് നൽകും. ഇതിന് ശേഷമേ ഒഴിപ്പിക്കൽ നടപടിയിലേക്ക് നീങ്ങൂ. ചെയർപേഴ്‌സൺ വ്യക്തമാക്കി. പാർലിമെന്ററി പാർട്ടി ലീഡർ പി.എം. ശ്രീധരൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, വി.സി. ഗണേശൻ, സൂസമ്മ ആന്റണി എന്നിവരും സന്നിഹിതരായിരുന്നു.