തൃശൂർ : പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെ ചേർത്ത് നിറുത്തി ചേതനയറ്റ തന്റെ പ്രിയതമന്റെ അടുത്തിരുന്ന് വാവിട്ട് കരയുന്ന റിഫിയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. അവിനാശിയിലെ അപകടത്തിൽ ജീവൻ പൊലിഞ്ഞ ചിയ്യാരം ചിറ്റിലപ്പിള്ളി പോളിയുടെ മകൻ ജോഫിയുടെ ഭാര്യയെയും മക്കളെയും ഏങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ണീരൊഴുക്കുകയാണ് എല്ലാവരും.

അപകടം നടന്ന ദിവസം രാത്രി തന്നെ മൃതദേഹം ചിയ്യാരത്തെ വീട്ടിലെത്തിച്ചിരുന്നു. ഈ സമയം മുഴുവൻ തേങ്ങിക്കരഞ്ഞ റിഫിക്ക് പക്ഷേ പതിനൊന്നരയോടെ മൃതദേഹം സംസ്‌കാരച്ചടങ്ങിന് കൊണ്ടു പോകാൻ ഒരുങ്ങിയതോടെ എല്ലാ നിയന്ത്രണവും വിട്ടു. ശവമഞ്ചത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ റിഫി മാറ്റാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. മക്കളായ എദൻ, ആൻ തേരാസ്, ആബാ മരിയ എന്നിവരെ അവസാനമായി പിതാവിനെ കാണിച്ച ശേഷം ഉറ്റബന്ധുക്കൾ അവരെ പുറത്തേക്ക് കൊണ്ടുപോയി. പന്ത്രണ്ടരയോടെ ചിയ്യാരം വിജയമാത പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി.

മന്ത്രിമാരായ വി.എസ് സുനിൽ കുമാർ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിതാ ജയരാജൻ, എം.പി വിൻസന്റ്, ടി.വി ചന്ദ്രമോഹൻ, കെ.കെ വത്സരാജ് തുടങ്ങിയവർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. ബംഗളൂരുവിൽ ജോയ് ആലൂക്കാസ് ജ്വല്ലറിയിലെ മാനേജരായ ജോഫി വേളാങ്കണിയിലേക്ക് മകളുടെ മുടി മുറിക്കൽ ചടങ്ങിന് കൊണ്ടുപോകാൻ വരുന്നതിനിടെയാണ് മരണം വേട്ടയാടിയത്.