തൃശൂർ: പൊതുനിരത്തുകളിൽ യാതൊരു കുറ്റവും ചെയ്യാതെ ജീവൻ ഹോമിക്കപ്പെട്ട നൂറുകണക്കിന് നിരപരാധികൾ, ആ സ്മരണകൾക്കു മുന്നിൽ നിന്ന് നിശ്വസിക്കാൻ ഒരു സ്മാരകമെങ്കിലുമുണ്ടോ?.. പൂക്കിപ്പറമ്പും കുന്നംകുളത്തെ കാണിപ്പയ്യൂരും ചേറ്റുപുഴയിലുമെല്ലാമായി മരിച്ചത് നൂറുകണക്കിന് പേരാണ്. അതുവഴി കടന്നുപോകുന്നവർക്ക് ഒന്നോർക്കാൻ, ജാഗ്രതയോടെ യാത്ര തുടരാൻ ഒരു മുന്നറിയിപ്പ് ഫലകമെങ്കിലും ഉണ്ടെങ്കിൽ... ഉറക്കം കളയാൻ ചായ കുടിച്ച് ഉന്മേഷവാനാകുന്നത് പോലെ ഈ സ്മാരകങ്ങൾ അപകടത്തിന്റെ ഓർമ്മയുണർത്തി ഡ്രൈവറെ ആലസ്യത്തിൽ നിന്ന് ഉണർത്തുമെന്ന് മനശാസ്ത്രജ്ഞരും വിലയിരുത്തുന്നു. ഇത്തരം ദുരന്തവാർത്തകളിലൂടെ ഉപബോധ മനസുകളിൽ കയറിക്കൂടുന്ന ഭയത്തെ, ഈ സ്മാരകങ്ങൾ ഉത്തേജിപ്പിക്കുകയും അത് അതിശയിപ്പിക്കുന്ന ഫലമുണ്ടാക്കുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്..

2006 മേയ് 29


പതിനാല് വർഷം മുമ്പാണ് തൃശൂർ ഇതിന് മുമ്പ് വലിയൊരു അപകടം കണ്ട് ഞെട്ടിത്തരിച്ചത്. 2006 മേയ് 29 ന് ഉച്ചയ്ക്ക് 1.10 ന്, കുന്നംകുളം കാണിപ്പയ്യൂരിൽ യൂണിറ്റി ആശുപത്രിക്ക് സമീപം വിവാഹ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും കൂട്ടിയിടിച്ച് പത്തുപേരാണ് തത്ക്ഷണം മരിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടു പേർ കൂടി മരിച്ചു. പഴുന്നാന പള്ളിയിൽ വിവാഹം കഴിഞ്ഞ് കുന്നംകുളം വടക്കാഞ്ചേരി റോഡിലെ ഓഡിറ്റോറിയത്തിലേക്ക് സദ്യയ്ക്കായി പോയവരാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറത്തു നിന്ന് തൃശൂരിലേക്ക് പോയ ലിമിറ്റഡ് സ്‌റ്റോപ്പ് ബസായിരുന്നു ടെമ്പോ ട്രാവലറിൽ ഇടിച്ചത്. ഇപ്പോഴും അതുവഴി ബസുകൾ ചീറിപ്പായുന്നു. ആ രണ്ടുവരിപ്പാത ഇന്നും അതേപടി.

1961 ലെ മൂന്നാം ഓണനാൾ

നാടിന്റെ കണ്ണീർ പുസ്തകത്തിൽ 1961 ലെ മൂന്നാം ഓണത്തിനും ബസ് അപകടമുണ്ടായി. കണ്ടശ്ശാങ്കടവിൽ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട എം.ആർ. രാമന്റെ ബസ് ചേറ്റുപുഴയിലെത്തിയപ്പോൾ ചേറും ചെളിയുമായി കിടന്ന പാടത്തേക്ക് കൂപ്പുകുത്തി. എത്രപേർ മരിച്ചു എന്നതിന്റെ കണക്കു പോലും ബാക്കിയില്ല. 13 മരണം എന്നായിരുന്നു നിഗമനം.

1969 & 1978


1969 ൽ പുഴയ്ക്കൽ പാടത്തും വെള്ളത്തിൽ ബസ് വീണ് അപകടമുണ്ടായി. 1978 ൽ അത്താണിയിലെ ആളില്ലാത്തൊരു ലവൽ ക്രോസിൽ ബസ് യാത്രക്കാരെ ട്രെയിൻ ചതച്ചരച്ചു. ഇതിലൊന്നും എത്രപേർ മരിച്ചുവെന്ന് കൃത്യമായി കണക്ക് പോലുമില്ല.

ഇപ്പോൾ, പാതകളിൽ ഗതാഗതക്കുരുക്ക് ഏറിയതോടെ സമയം ലാഭിക്കാൻ ദേശീയ സംസ്ഥാനപാതകളിലൂടെ രാത്രി യാത്രകളാണേറെയും. വേഗത്തിൽ ചീറിപ്പായുന്ന ലോറികളും ബസുകളും. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും അടക്കം കെ.എസ്.ആർ.ടി.സി.യിലും വമ്പൻ സ്വകാര്യബസുകളിലും പായുന്നു. പലയിടത്തും ഒരേ സ്ഥലത്ത് പല അപകടങ്ങൾ. ആരും ഒന്നും ഓർക്കാതെ, ഓർമ്മിപ്പിക്കാതെ അവ ഇന്നും തുടരുകയാണ്..

...........


വൻദുരന്തങ്ങളിൽ നടന്ന സ്ഥലങ്ങളിൽ ഒരു മുന്നറിയിപ്പ് ബോർഡോ ഫലകമോ ഉണ്ടെങ്കിൽ ഡ്രൈവർമാരിലും യാത്രക്കാരിലും ജാഗ്രതയും മുൻകരുതലും ഉണ്ടാകും. ആഘാത അനന്തര മാനസികാവസ്ഥയാണത്. പുലർവേളയിൽ സ്വാഭാവികമായും ഉറക്കം അനുഭവപ്പെടും. അതൊഴിവാക്കാൻ ഒന്ന് ഉറങ്ങി ചായയോ മറ്റോ കഴിച്ച് യാത്ര തുടരണം. അതേ ഫലം ചെയ്യുന്നതാണ് ഇത്തരം സ്മാരകങ്ങളും.

ഡോ. പി.കെ സുകുമാരൻ
മനോരോഗ ചികിത്സാ വിദഗ്ദ്ധൻ