കൊടുങ്ങല്ലൂർ: അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷനായ ഫിഫ നിശ്ചയിച്ചിട്ടുള്ള നിലവാരം ഉറപ്പാക്കി, സ്വകാര്യ സംരംഭമായി യാഥാർത്ഥ്യമാക്കിയ സിന്തറ്റിക് ടർഫ് ഗ്രാസ് കോർട്ട് കൊടുങ്ങല്ലൂരിലെ ഫുട്ബാൾ പരിശീലനത്തിന്റെ കേന്ദ്രബിന്ദുവാകുന്നു. നഗരത്തോട് ചേർന്നുള്ള ആലേച്ചംപറമ്പിലാണ് ഉയർന്ന നിലവാരത്തോടെ ഫുട്ബാൾ പരിശീലനം ഉറപ്പാക്കാനുള്ള ഗ്രാസ് കോർട്ട് സജ്ജമാക്കിയത്.

മുൻ കായികതാരം കൂടിയായ പ്രദേശവാസികളായ കിഷോർ, ഷിനിൽ, മുഹമ്മദ് സഹൽ, മനോജ്, മിഖേൽ അപ്പു, ജെയ്ൻ, അനിൽ എന്നിവരുൾപ്പെട്ട ഏഴംഗ സംഘം ചേർന്ന് രൂപം നൽകിയിട്ടുള്ള കെ ടൗൺ എന്ന കൂട്ടായ്മയാണ് ഈ സംവിധാനം യാഥാർത്ഥ്യമാക്കിയത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 22 സെന്റോളം വരുന്ന സ്ഥലം നിശ്ചിത കാലയളവിലേക്ക് വാടകക്കെടുത്താണ് കേന്ദ്രമൊരുക്കിയത്. ലക്ഷങ്ങൾ ഇതിനായി ചെലവിടേണ്ടിവന്നിട്ടുള്ളതിനാൽ നിശ്ചിത ഫീസ് ഈടാക്കി, നിബന്ധനകളുടെ അടിസ്ഥാനത്തിലാണിവിടെ പരിശീലനം ഏർപ്പാടാക്കിയത്. 32 മീറ്റർ നീളവും 21 മീറ്റർ വീതിയുമുള്ള ഫ്‌ളഡ് ലിറ്റ് സംവിധാനത്തോടു കൂടിയ മൈതാനമാണിത്. 16 മീറ്ററോളം ഉയരത്തിൽ മൈതാനത്തിന് ചുറ്റിലും കമ്പിവേലിയുറപ്പാക്കി, സി.സി കാമറാ സംവിധാനം കൂടി ഉറപ്പാക്കിയാണ് ഇതിന്റെ നിർമ്മാണം. കഴിഞ്ഞ ഡിസം. 20ന് സി.വി പാപ്പച്ചനാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്.
ഇവിടെ പരിശീലനം തേടുന്ന കുട്ടികളുടെ എണ്ണം ഇപ്പോൾ അറുപതിലേക്കെത്തി കഴിഞ്ഞു. വിദേശടീമുകളിൽ വരെ കളിച്ചിട്ടുള്ള കോട്ടപ്പുറം സ്വദേശിയായ മുൻ ഫുട്ബാളർ ജിൻസൺ ആണിപ്പോൾ പരിശീലകൻ.

........

അവധിക്കാലമാകുന്നതോടെ കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായേക്കും. ഇത് പ്രകാരം പ്രൊഫഷണൽ ടീമുകളുടെ പരിശീലകരിലൊരാളെ ഇവിടെ മുഖ്യ പരിശീലകനാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

- കെ ടൗൺ അധികൃതർ