കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സ്വദേശിയായ വിഷ്ണുവിന്റെ ദുരൂഹ മരണം സംബന്ധിച്ച് ഉന്നതല അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തണമെന്ന് സർവകക്ഷി യോഗം പൊലീസിനോട് ആവശ്യപ്പെട്ടു. പുല്ലൂറ്റ് പന്തീരാംപാലയിൽ കണ്ണാഞ്ചിറ നികത്തിൽ രാധാകൃഷ്ണന്റെയും ഇന്ദിരയുടെയും ഏകമകനായ വിഷ്ണുവിനെ (24) കഴിഞ്ഞ ജനുവരി രണ്ടിനാണ് അഴീക്കോട് ബോട്ട് കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടത്. ഡിസംബർ 31 ന് രാത്രി പതിനൊന്നോടെ പുതുവത്സര ആഘോഷത്തിന്റെ പേരും പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നും പോയത്. ഇയാളുടെയൊപ്പം ഉണ്ടായിരുന്നതായി പറയുന്ന സുഹൃത്തുക്കൾ പുലർച്ചെയോടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. വിഷ്ണുവിനെ കാണാതായ വിവരം കൂടെയുണ്ടായിരുന്ന കൂട്ടുകാർ വീട്ടിലോ പൊലീസിലോ അറിയിച്ചിരുന്നില്ല. താലൂക്കാശുപത്രിയിൽ എത്തിച്ച മൃതദേഹത്തിൽ പരിക്കുകൾ കണ്ടിരുന്നുവെന്നും വിവരമുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ ഫോറൻസിക് സർജനാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ദുരൂഹ മരണം സംഭവിച്ച് ഒന്നരമാസമായിട്ടും പൊലീസിന് മരണകാരണത്തെക്കുറിച്ച് വ്യക്തത വരുത്താനായില്ലെന്നത് പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നഗരസഭാ കൗൺസിലർ ഒ.എൻ ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ, കൗൺസിലർ ടി.സി അശോകൻ, വിവിധ കക്ഷിനേതാക്കളായ പി.പി സുഭാഷ്, പ്രൊഫ. സി.ജി ചെന്താമരാക്ഷൻ, കെ.എസ് വിനോദ് തുടങ്ങിയവർ സംസാരിച്ചു.