kda-serafik-prathishetham
വെള്ളിക്കുളങ്ങര ഇലക്ട്രിസിറ്റി ഓഫീസിൽ പ്രതിഷേധിക്കാനെത്തിയ സെറാഫിക് കുന്ന് കുടിവെള്ള സമിതി അംഗങ്ങൾ

വെള്ളിക്കുളങ്ങര: സെറാഫിക് കുന്ന് കുടിവെള്ള സമിതിയുടെ കീഴിലുള്ള 160 ഓളം കുടുംബങ്ങൾക്ക് ശുദ്ധജല ക്ഷാമം രൂക്ഷം. വോൾട്ടേജ് ക്ഷാമം മൂലം പമ്പിംഗ് നടക്കാത്തതാണ് കുടുംബങ്ങളെ വലച്ചിരിക്കുന്നത്. രണ്ടാഴ്ചയോളമായി പമ്പിംഗ് നിലച്ചിട്ട്. സമീപ സ്ഥലങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചാലേ മോട്ടോർ പ്രവർത്തിക്കാനുള്ള വോൾട്ടേജ് ലഭിക്കു. വോൾട്ടേജിന്റെ ഏറ്റകുറച്ചിൽ വരുന്നതിനാൽ മോട്ടോറുകൾക്കും മറ്റ് വൈദ്യുതി ഉപകരണങ്ങൾക്കും തകരാർ സംഭവിക്കുന്നതായും പരാതിയുണ്ട്. വോൾട്ടേജ് ക്ഷാമവും പ്രദേശവാസികൾക്ക് ദുരിതമാണ്.

വെള്ളിക്കുളങ്ങര പള്ളിക്ക് സമീപം ഒരു വർഷം മുമ്പ് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കിയ ട്രാൻസ്‌ഫോർമറിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചാൽ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും. ജില്ലയിൽ നടത്തിയ വൈദ്യുതി വകുപ്പ് അദാലത്തിൽ പരാതി നൽകിയെങ്കിലും ഇതുവരേയും ട്രാൻസ്‌ഫോർമർ ചാർജ് ചെയ്യുന്നതിനോ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനോ നടപടിയുണ്ടായിട്ടില്ല. പ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളും കിണർ ഇല്ലാത്തവരാണ്. കിണർ കുഴിച്ചാലും സമൃദ്ധിയായി വെള്ളം ലഭിക്കാത്തതാണ് ആരും അതിന് തയ്യാറാവാത്തത്. കുടിവെള്ള സമിതിയിലെ നൂറിലധികം കുടുംബങ്ങളും കുടിവെള്ള പദ്ധതിയെയാണ് പൂർണമായി ആശ്രയിക്കുന്നത്. വേനൽക്കാലമായാൽ വെള്ളത്തിന്റെ ഉപയോഗം വർദ്ധിക്കുമെങ്കിലും കുടിവെള്ള പദ്ധതിക്കായി പമ്പ് സ്ഥാപിച്ചിരിക്കുന്ന കുളത്തിലെ വെള്ളം ഉയരുന്നതുവരെ കാത്തിരുന്നാണ് പമ്പിംഗ് നടത്തുന്നത്. പുതിയതായി സ്ഥാപിച്ച ട്രാൻസ്ഫോമറിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും കുടിവെള്ളസമിതി ആവശ്യപ്പെട്ടു.


........................
തിങ്കളാഴ്ചക്കുള്ളിൽ ട്രാൻസ്‌ഫോർമർ ചാർജ് ചെയ്ത് പമ്പിംഗ് പുനരാരംഭിക്കാൻ സാധിച്ചില്ലെങ്കിൽ സെറാഫിക് കുന്ന് കുടിവെള്ള സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരം നടത്തും.

- ലിജൊ ജോൺ (വാർഡ്‌ മെമ്പർ)​