എരുമപ്പെട്ടി: ഖത്തറിലേക്ക് തന്നെ യാത്രയാക്കാനായി നാട്ടിലേക്ക് തിരിച്ച അനു ഇനി തന്നോടൊപ്പം ഇല്ലെന്ന് ഉൾക്കാെള്ളാനാവുന്നില്ല സ്നിജോയ്ക്ക്. വീട്ടിലെത്തിച്ച മൃതദേഹത്തിനരികിൽ സ്നിജോ ഇരുന്നു, നിറകണ്ണുകളോടെ...
തിരുപ്പൂർ അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എയ്യാൽ സ്വദേശി അനുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഭർത്താവ് എരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ സ്നിജോയ്ക്ക് പുറമേ നൂറുകണക്കിന് പേരെത്തി. രമ്യ ഹരിദാസ് എം.പി, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കല്യാണി എസ്. നായർ, കെ. ജയശങ്കർ, എയ്യാൽ സ്വദേശിയായ തിരുവനന്തപുരം ജില്ലാ ജഡ്ജി സി.ജെ ഡെന്നി, ഫാദർ ജോൺസൻ പുലിക്കോട്ടിൽ, സിസ്റ്റർ ഷാൻ മരിയ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
രാവിലെ 11.30 ഓടെ എയ്യാൽ സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് പള്ളിയിലായിരുന്നു സംസ്‌കാരം. എയ്യാലിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ വീട്ടിലെത്തി പ്രാർത്ഥന നടത്തി. എയ്യാൽ കൊള്ളന്നൂർ വീട്ടിൽ വർഗീസ് മർഗിലി ദമ്പതികളുടെ മകളാണ് അനു. ഒരു മാസം മുമ്പായിരുന്നു വിവാഹം. വിലാപയാത്രയായാണ് എയ്യാൽ ഇടവക പള്ളിയിലെത്തിച്ചത്. എരുമപ്പെട്ടി ഫൊറോന വികാരി ഫാദർ ജോയ് അടമ്പ്കുളം, എയ്യാൽ ഇടവക വികാരി ഫാ. ആന്റണി അമ്മുത്തൻ എന്നിവർ നേതൃത്വം നൽകി.