വടക്കാഞ്ചേരി: കുറാഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. അന്വേഷണത്തിൽ ഒറ്റപ്പാലം അമ്പലപ്പാറ ചെമ്പൻകോട്ടിൽ കുഞ്ഞുലക്ഷ്മിയാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ഇവർ അണിഞ്ഞിരുന്ന താലിയാണ് തിരിച്ചറിയാൻ സഹായിച്ചത്. കഴിഞ്ഞ എട്ടാം തിയതി ഒറ്റപ്പാലത്തു നിന്നും വെന്നൂരിൽ താമസിക്കുന്ന മകളുടെ അടുത്തേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. വടക്കാഞ്ചേരി പൊലീസ് അമ്പലപ്പാറ മുതൽ കുറാഞ്ചേരി വരെയുള്ള സി.സി.ടി.വികൾ പരിശോധിച്ചതിൽ സ്ത്രീയുടെ കൈയിൽ കന്നാസിൽ നീല നിറത്തിലുള്ള മണ്ണെണ്ണ കാണാൻ കഴിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞുലക്ഷ്മി നേരത്തെ മുതൽ ആത്മഹത്യ പ്രവണത കാണിക്കാറുണ്ട്. മൃതദേഹത്തിന് സമീപത്ത് കിടന്ന മദ്യക്കുപ്പികൾ മറ്റാരെങ്കിലും ഉപേക്ഷിച്ചതാകാം. മുമ്പ് ചികിത്സയ്ക്കായി എത്താറുള്ള സ്ഥലം ആത്മഹത്യക്കായി തെരഞ്ഞെടുത്തതാകാമെന്നുമെല്ലാം വിശദീകരിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകൾ ഇല്ലെന്നും, പൊള്ളലേറ്റാണ് മരണമെന്നും കണ്ടെത്തിയിരുന്നു.