തൃശൂർ: വടക്കാഞ്ചേരിയിൽ വഴിയിൽ ബസ് കാത്തുനിന്ന് വയോധികയെ സൗഹൃദം നടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി ആക്രമിച്ച് ആഭരണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ.
ഇടുക്കി സ്വദേശികളായ ജാഫർ (34), സിന്ധു(40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതിന് വട്ടായി കരിമ്പത്ത് സുശീല ബാലനെയാണ് (70) ആക്രമിച്ച് ആഭരണം കവർന്നത്. തിരൂരിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന സുശീലയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി വായിൽ തുണി തിരുകി കഴുത്തിൽ കയർ മുറുക്കി സ്പാനർ കൊണ്ട് തലയ്ക്കടിച്ച ശേഷം മൂന്ന് പവന്റെ മാല മോഷ്ടിച്ച് വഴിയിൽ തള്ളുകയായിരുന്നു.
സമീപത്തെ വീട്ടിൽ അഭയം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഭാര്യാഭർത്താക്കന്മാർ ചമഞ്ഞ് ചാലക്കുടിയിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇരുവരും. തട്ടുകട നടത്തുകയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇവരുടെ പേരിൽ എറണാകുളം, കോട്ടയം ജില്ലകളിൽ നാല് മോഷണക്കേസുകളുണ്ട്. ഒരു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടര മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയതെന്നും പൊലീസ് അറിയിച്ചു.
നമ്പർ ഇല്ലാത്ത ഓട്ടോയുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഓട്ടോയുടെ 2 ടോപ്പ് ലൈറ്റും ഇരുവശങ്ങളിലായി സ്റ്റിക്കറും സ്ത്രീയുടെ വെള്ള നിറമുള്ള ചെരുപ്പും വ്യക്തമായിരുന്നു. മലയോര മേഖലയിൽ മാത്രം ഓടുന്ന ഓട്ടോ ആണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കോട്ടയം, ഇടുക്കി, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷിച്ചു. ഈ സ്ഥലങ്ങളിൽ നിന്നും തൃശൂരിൽ വന്ന് താമസിക്കുന്നവരെകുറിച്ച് അന്വേഷണം നടത്തിയതിനെ തുടർന്ന് ചാലക്കുടി മേലൂരിൽ പുലർച്ചെ വീട്ടിൽ നിന്നും പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തുന്ന സ്ത്രീയും പുരുഷനും താമസിക്കുന്നുണ്ടെന്ന് മനസിലാക്കിയിരുന്നു. ആ വീട്ടിൽ രഹസ്യമായി അന്വേഷിച്ചപ്പോൾ സി.സി.ടി.വിയിൽ കണ്ടതു പോലെയുളള ചെരുപ്പ് കണ്ടെത്തി. രാത്രി മുഴുവൻ വീടിന് പരിസരത്ത് നില ഉറപ്പിച്ച് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇരുവരും മറ്റൊരു കളവുകേസിൽ ഉൾപ്പെട്ട് രണ്ടു മാസം മുമ്പ് ജയിലിൽ നിന്ന് ഇറങ്ങി മേലൂരിൽ താമസിക്കുകയായിരുന്നു. കയറും ചുറ്റികയുമായാണ് മോഷണത്തിന് ഇറങ്ങാറുള്ളത്. ആക്രമണത്തിൽ പരിക്കേറ്റ് തലയിൽ ഒമ്പത് സ്റ്റിച്ച് ഇട്ട സ്ത്രീ അപകടനില തരണം ചെയ്തിരുന്നു.