വെള്ളിക്കുളങ്ങര: മലയോരഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ടി.എൻ. പ്രതാപൻ എം.പി. മറ്റത്തൂർ പഞ്ചായത്തിലെ ചൊക്കന നായാട്ടുകുണ്ട് പ്രദേശത്ത് ആനയെ കണ്ട് പേടിച്ച് ചികിത്സയിലിരിക്കെ മരിച്ച മുഹമ്മദലിയുടെ ഭാര്യ റാബിയയുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കാർഷിക വിളകൾ നശിച്ചവർക്കും പരിക്കേറ്റവർക്കും മരിച്ചവർക്കും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ആന ആക്രമിച്ച കരുവാത്തൊടി രാജന്റെ വീട്ടിലും എം.പി. സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുബ്രൻ, ഡി.സി.സി സെക്രട്ടറിമാരായ ടി.എം.ചന്ദ്രൻ, കെ.പി. ജയറാം, കെ.കെ. ബാബു, മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് കെ.ആർ. ഔസേപ്പ്, പഞ്ചായത്ത് മെമ്പർമാരായ ക്ലാര ജോണി, ഷീബ വർഗീസ്, ഫാ. ഫ്രാങ്കോ പറപ്പുള്ളി, ജബ്ബാർ ബാഖവി, ഗോപാലകൃഷ്ണൻ മാടപ്പാട്ട് എന്നിവർ എം.പി യോടൊപ്പമുണ്ടായി.