കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്തെ വലിയ ജലസ്രോതസുകളിലൊന്നായ അമ്പലക്കുളം കൽഭിത്തി കെട്ടി സംരക്ഷിക്കാനുള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ഒരേക്കർ ഇരുപത്തിയാറ് സെന്റുള്ള അമ്പലക്കുളം നവീകരണത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
1.60 കോടി രൂപയുടേതാണീ കുളം നവീകരണ പദ്ധതി. നബാർഡിന്റെ സഹായത്താൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ചുമതല കെ.എൽ.ഡി.സിക്കാണ്. 105 മീറ്റർ നീളവും 55 മീറ്റർ വീതിയുമുള്ള കുളത്തിന്റെ ആഴം വർദ്ധിപ്പിച്ച് ചുറ്റും കരിങ്കൽ പാർശ്വഭിത്തിയും, 2 കടവുകളും കൂടാതെ കുളത്തിന് ചുറ്റും നടപ്പാതയും കൈവരിയും നിർമ്മിച്ചാണ് നവീകരണം. പദ്ധതി പൂർത്തീകരിക്കുന്നതോടെ കാലവർഷത്തിൽ അധികമായുണ്ടാകുന്ന മഴവെള്ളം സംഭരിച്ച് അത് ജലസേചന ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും.
നടപ്പാതയും ദീപ വിതാനവും കൂടിയൊരുക്കും. ഇത് യാഥാർത്ഥ്യമാകുന്നതോടെ വികസനത്തിന്റെ പുത്തൻ മാതൃകയായി പദ്ധതി മാറും. ഇങ്ങനെയൊരു പദ്ധതിക്കുള്ള ആലോചനയ്ക്ക് 20 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അഡ്വ. വി.എസ് സുനിൽ കുമാർ കയ്പമംഗലം എം.എൽ.എ ആയ സമയത്ത് പദ്ധതി നിർദ്ദേശം ഉയർന്നെങ്കിലും നിർഭാഗ്യവശാൽ അന്നത് നടന്നില്ല. ഇപ്പോഴാണ് മന്ത്രിസഭയുടെ അനുമതിയായത്.
ഇ.ടി. ടൈസൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി മുഖ്യാതിഥിയായി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ, വൈസ് പ്രസിഡന്റ് എം.എസ് മോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രഘുനാഥ്, മതിലകം പഞ്ചായത്തംഗം സുനിൽ പി. മേനോൻ, കെ.എൽ.ഡി.സി എൻജിനീയർ എ.ജി ബോബൻ, ക്ഷേത്രം ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ എ.എം വിനീഷ്, ടി.ആർ ജ്യോതി ബാസ്, ആർ.എസ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
നവീകരണ പദ്ധതി ഇങ്ങനെ
1.60 കോടി രൂപയുടെ പദ്ധതി
നബാർഡിന്റെ സഹായം
നിർവഹണ ചുമതല കെ.എൽ.ഡി.സിക്ക്
105 മീറ്റർ നീളവും 55 മീറ്റർ വീതിയുമുള്ള കുളത്തിന്റെ ആഴം വർദ്ധിപ്പിക്കും
ചുറ്റും കരിങ്കൽ പാർശ്വഭിത്തിയും, 2 കടവുകളും
കുളത്തിന് ചുറ്റും നടപ്പാതയും കൈവരിയും