തൃശൂർ: ടൂർ ഏജൻസി വഞ്ചിച്ചതിനെ തുടർന്ന് പഠനയാത്രയ്ക്ക് ഡൽഹിയിലെത്തിയ വിദ്യാർത്ഥി സംഘം അവിടെ ഹോട്ടലിൽ കുടുങ്ങി. പിന്നീട് കൈയിൽ നിന്ന് പണം നൽകിയാണ് തടിയൂരിയത്. പഠനയാത്ര നടത്തിയ മണ്ണുത്തി ഡയറി സയൻസ് കോളേജിലെ വിദ്യാർത്ഥികളെയാണ് ടൂർ ഏജൻസി വഞ്ചിച്ചത്. ഏജൻസിക്ക് നൽകിയ പണം ഹോട്ടൽ അധികൃതർക്ക് കൈമാറാതിരുന്നതിനെ തുടർന്നാണ് ഡൽഹിയിലെ ഹോട്ടലിൽ കുടുങ്ങിയത്.
39 കുട്ടികളാണ് പഠനസംഘത്തിലുള്ളത്. മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ഡൽഹിയിൽ ബന്ധപ്പെട്ട് വിദ്യാർത്ഥികളെ കേരള ഹൗസിലേക്ക് മാറ്റി. തിരുവനന്തപുരം ആദിത്യ ഡെസ്റ്റിനേഷൻ ഗ്രൂപ്പിനെതിരെ കോളേജ് ഡീൻ സുധീർ ബാബു മണ്ണുത്തി പൊലീസിന് പരാതി നൽകി. എട്ടു ലക്ഷം രുപയാണ് യാത്ര, താമസം, ഭക്ഷണത്തിനായി നൽകിയത്. കഴിഞ്ഞ 18 നാണ് വിദ്യാർത്ഥി സംഘം വിവിധ ഡയറി പ്ലാന്റുകൾ സന്ദർശിക്കാൻ തൃശൂരിൽ നിന്ന് യാത്ര തിരിച്ചത്.
ഡൽഹി, കർണാൽ, ഗുജറാത്ത് എന്നിവിടങ്ങളിലായിരുന്നു സന്ദർശനത്തിന് തീരുമാനിച്ചത്. ഡൽഹിയിൽ ഹോട്ടലിൽ തങ്ങിയവരോടു പണമടച്ചശേഷം പോയാൽ മതിയെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞതോടെയാണ് തട്ടിപ്പു ബോദ്ധ്യമായത്. ടൂർ ഏജൻസിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ലഭിച്ചില്ല. തട്ടിപ്പു മനസിലായതോടെ വിദ്യാർത്ഥികൾ കൈയിൽ നിന്നും തുക സംഘടിപ്പിച്ചു പണമടച്ചു. ഇതിനിടെ കേരള ഹൗസ് അധികൃതർ സഹായവുമായെത്തി. അദ്ധ്യാപകരും തുക പിരിച്ചെടുത്തു നൽകി. അടുത്ത ദിവസങ്ങളിലെ യാത്രകൾ ശരിയായി നടക്കാൻ ക്രമീകരണമുണ്ടാക്കിയതായി കോളജ് ഡീൻ പറഞ്ഞു. 26 ന് സംഘം തിരിച്ചെത്തും.