തൃശൂർ: ലൈംഗികാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇനിയും കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്ത് വരാനാണ് സാദ്ധ്യതയെന്ന്, ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചതിന് സഭയുടെ നടപടി നേരിട്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. മോശമായി പെരുമാറിയെന്നതുൾപ്പെടെയുള്ള കന്യാസ്ത്രീയുടെ പുതിയ വെളിപ്പെടുത്തൽ ഇതിന്റെ സൂചനയാണെന്നും അവർ വ്യക്തമാക്കി.
തൃശൂരിൽ സ്വകാര്യച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സിസ്റ്റർ ലൂസി, ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുളള പരാതിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. തനിക്കുണ്ടായ അനുഭവം തുറന്നുപറയാൻ കന്യാസ്ത്രീ തയ്യാറായെന്നുള്ളത് അഭിമാനകരമായ കാര്യമാണ്. ഇത് മറ്റു പലരിൽ നിന്നും ഉണ്ടാകാനാണ് സാദ്ധ്യത. ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയവർ സമ്മർദ്ദം നേരിടുകയാണ്. സ്വാധീനശ്രമവും ഭീഷണിയും ഉണ്ടാകുന്നുണ്ട്. കോടതി നടപടികൾ വൈകുന്നതിൽ വിഷമമുണ്ടെങ്കിലും, വീണ്ടുമുയർന്ന പരാതി അതിനുള്ള അടി കൂടിയാണ്. കോടതിയിൽ നിന്നു നീതി വൈകരുതെന്നും ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു.
ഫ്രാങ്കോ കേസ്: വിടുതൽ
ഹർജിയിൽ രഹസ്യവാദം
കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജിയിൽ കോട്ടയം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്നിൽ രഹസ്യവാദം തുടങ്ങി. ഫ്രാങ്കോയ്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ളയാണ് രഹസ്യവാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഫ്രാങ്കോ ഹാജരായില്ല.
കേസ് പരിഗണിച്ച ഉടൻ ഇന്നലെ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ പ്രതിഭാഗം ശ്രദ്ധയിൽപ്പെടുത്തി. ഫ്രാങ്കോ മറ്റൊരു കന്യാസ്ത്രീയെയും ചൂഷണം ചെയ്തെന്ന മൊഴി എങ്ങനെയാണ് മാദ്ധ്യമങ്ങൾക്ക് പ്രസിദ്ധീകരിക്കാനാവുകയെന്ന് അഭിഭാഷകൻ ചോദിച്ചു. എന്നാൽ കുറ്റപത്രം പൊതുരേഖയാണന്ന് കോടതി നിരീക്ഷിച്ചു. തന്റെ കക്ഷിയെ മോശമായി ചിത്രീകരിക്കാനാണ് ഇതെല്ലാം പുറത്ത് വിടുന്നതെന്നും, കോടതി നടപടികൾ മാദ്ധ്യമങ്ങളെ ഒഴിവാക്കി നടത്തണമെന്നും പ്രതിഭാഗം വാദിച്ചു. സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഉൾപ്പെട്ടതായതിനാലാണ് രഹസ്യവിചാരണ അഭ്യർത്ഥിച്ചതെന്ന് പ്രതിഭാഗം പിന്നീട് പറഞ്ഞു. കുറ്റപത്രത്തിലെ ചില ഭാഗങ്ങൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിന് എതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതായും പ്രതിഭാഗം അറിയിച്ചു. കേസ് 29ന് പരിഗണിക്കുന്നതിന് മാറ്റിവച്ചു.