തൃശൂർ : കുടുംബവഴക്കിനെ തുടർന്ന് പാഞ്ഞാൾ പൈങ്കുളം ചൂണ്ടങ്ങാട്ടു കോളനിയിൽ വയൽത്തൊടി വീട്ടിൽ കുഞ്ഞൻ മകൻ ബാലനെ (54 ) കൊലപ്പെടുത്തിയ കേസിൽ തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി ജീവപര്യന്തം തടവിനും, ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.
ചൂണ്ടങ്ങാട്ടിൽ അനന്തമോഹൻ (32 ), സഹോദരൻ ശ്രീജിത്ത് എന്ന ബാലു (30) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് കൂടുതലായി അനുഭവിക്കണം. തുക അടയ്ക്കുന്ന പക്ഷം അത് മരിച്ച ബാലന്റെ ഭാര്യ ശാന്തയ്ക്കും, മകൾ ബബിതയ്ക്കും തുല്യമായി വീതിച്ച് നൽകാനും വിധിച്ചു. 2012ൽ പൈങ്കുളം ചൂണ്ടങ്ങാട്ടു കോളനിയിലുള്ള റോഡിലായിരുന്നു സംഭവം. മരിച്ച ബാലന്റെ ഭാര്യയുടെ സഹോദരപുത്രന്മാരാണ് പ്രതികൾ. കുടുംബവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളുടെ സഹോദരിയെപ്പറ്റി മോശമായി പറഞ്ഞു എന്ന വിരോധം വെച്ചാണ് കൊല നടത്തിയത്. സംഭവത്തിന് മുമ്പ് ബാലനെ വെളളമുണ്ട് പുതപ്പിച്ച് കിടത്തുമെന്ന് പ്രതികൾ ബാലന്റെ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന കെ.എം. സുലൈമാനാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ ഡിനി പി. ലക്ഷ്മണൻ ഹാജരായി.