anthikkad
വൈശാഖ് (33)

കാഞ്ഞാണി / പുതുക്കാട് : ശിവരാത്രി നാളിൽ ആലുവായിലേക്ക് ബലിതർപ്പണത്തിന് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ, പിക്കപ്പ് വാൻ ഇടിച്ച് ഡിവൈഡറിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. അപകടത്തിന് ഇടയാക്കിയ വാഹനവും ഡ്രൈവറും പൊലീസ് പിടിയിലായി..

അന്തിക്കാട് മാങ്ങാട്ടുകരയിലെ മാങ്ങന്ത്ര വാസുവിന്റെ മകൻ വൈശാഖാണ് (33) മരിച്ചത്. പരിക്കേറ്റ വൈശാഖിന്റെ സഹോദരി വന്ദന (23), പരേതനായ കൊച്ചുമോൻ ഭാര്യ അമ്മിണി (65), കണക്കന്ത്ര കല്ല്യാണി (65), കരിപ്പായി രാമകൃഷ്ണൻ ഭാര്യ കൗസല്യ (65), മഞ്ഞിപറമ്പിൽ മനോഹരൻ ഭാര്യ തങ്കം (55) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇന്നലെ പുലർച്ചെ മൂന്നോടെ ദേശീയപാത നന്തിക്കര സ്‌കൂൾ സ്‌റ്റോപ്പിനടുത്തായിരുന്നു അപകടം. പരിക്കേറ്റവർ ചാലക്കുടി സെന്റ് ജെയിംസ്, തൃശൂർ എലൈറ്റ് , കൊടകര ശാന്തി, തൃശൂർ മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിൽ ചികിത്സയിലാണ്. അഖിലയാണ് വൈശാഖിന്റെ ഭാര്യ. ഒരു മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. അമ്മ : ഓമന. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

പിക് അപ് വാൻ ഡ്രൈവർ അറസ്റ്റിൽ

നിറുത്താതെ പോയ പിക്കപ്പ് വാനിന്റെ ഡ്രൈവർ, പൊള്ളാച്ചി വിനായക നഗർ, സെൽവരാജിന്റെ മകൻ രമേഷ്

ബാബുവിനെയും (34) വാഹനവും പുതുക്കാട് പൊലീസ് ചാലക്കുടി പരിയാരത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇയാൾക്ക് ലൈസൻസ് ഇല്ലെന്നും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.