തൃശൂർ: അവിനാശി ബസപകടത്തിൽ മരിച്ച ഒല്ലൂർ സ്വദേശി ഇഗ്നിയെ അവസാനമായി കാണാനും അന്ത്യചുംബനം അർപ്പിക്കാനുമായി ഭാര്യ ബിൻസിക്ക് എത്താനായില്ല. യാത്ര ചെയ്യാനുളള ആരോഗ്യസ്ഥിതി ബിൻസിക്ക് ഇല്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് ഒല്ലൂർ ഫൊറോന പള്ളി സെമിത്തേരിയിൽ ഇഗ്നിയുടെ സംസ്‌കാരം നടത്തി.
ഇന്നലെ രാവിലെ പതിനൊന്നോടെ കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയിൽ ബിൻസിയുടെ ശസ്ത്രക്രിയ നടത്തി തോളിൽ കമ്പിയിട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇഗ്നിയുടെ ശവസംസ്കാരം. ഗവ. ചീഫ് വിപ്പ് കെ. രാജൻ അടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. നാട്ടുകാരും ബന്ധുക്കളും അടക്കമുളളവർ കണ്ണീരോടെ ഇഗ്നിയ്ക്ക് വിട നൽകി.
തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തോളെല്ല് പൊട്ടുകയും ചെയ്ത ബിൻസിക്ക് ഇപ്പോഴും പൂർണമായും ഓർമ്മ ലഭിച്ചിട്ടില്ല. ഭർത്താവ് തന്നെ വിട്ടുപോയ കാര്യം ബിൻസിക്ക് അറിയാമായിരുന്നു. ഇടയ്ക്കിടെ ബോധം തെളിയുമ്പോൾ ഇഗ്നിയെ കാണണമെന്ന് ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ബിൻസിയെ നാട്ടിലെത്തിച്ച് ഇഗ്നിയെ കാണിച്ച ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ബിൻസിയുടെ നഴ്‌സിംഗ് സർട്ടിഫിക്കറ്റ് വാങ്ങാനാണ് അപകടത്തിന് അഞ്ച് ദിവസം മുമ്പ് ഇരുവരും ബംഗളൂരുവിലേക്ക് പോയത്.