കാഞ്ഞാണി : കണ്ടശാംകടവ് സംസ്ഥാന പാതയോരത്തെ അനധികൃത കെട്ടിട നിർമ്മാണത്തിൽ കെട്ടിട ഉടമയ്ക്ക് മണലൂർ പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി.

ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. വി ശിവദാസൻ പറഞ്ഞു. കാലപ്പഴക്കമേറിയ കെട്ടിടങ്ങളിലെ പീടികമുറികൾ അറ്റകുറ്റപ്പണി നടത്തുന്നുവെന്ന പേരിൽ അനധിക്യതമായി നിർമ്മാണപ്രവർത്തനം നടത്തുകയായിരുന്നു. കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ മുകളിൽ ട്രസ് അടിക്കുന്നതിന്റെ മറവിലാണ് കോൺക്രീറ്റ് നിർമ്മാണം ഉൾപ്പെടെ നടത്തിയത്. ഇത് ഫോട്ടോ സഹിതം കഴിഞ്ഞദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കോൺക്രീറ്റ് തൂൺ അല്ലാതെ ഇരുമ്പ് തുൺ സ്ഥാപിച്ച് ട്രസ് അടിക്കാനും ഏതുസമയത്തും പൊളിച്ചുനീക്കാമെന്നുമുള്ള വ്യവസ്ഥയിൽ താത്കാലിക അനുമതി പഞ്ചായത്ത് അധികൃതർ നൽകിയിരുന്നു. വിശദ റിപ്പോർട്ടിന് ഓവർസിയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയതിന് ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.