വെള്ളിക്കുളങ്ങര: മൂന്ന് വർഷമായി കാട്ടാനശല്യം അനുഭവിക്കുന്ന മലയോരഗ്രാമങ്ങളിലെ ജനങ്ങളുടെ പരാതികേൾക്കാൻ സാഹചര്യമൊരുക്കുമെന്ന് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ്. കാട്ടാന ശല്യം രൂക്ഷമായ മറ്റത്തൂർ പഞ്ചായത്തിലെ ചൊക്കന, നായാട്ടുകുണ്ട്, പോത്തൻചിറ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കർഷകരുടെ അവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ട മന്ത്രി വനം വകുപ്പ് മന്ത്രി കെ.രാജുവുമായി ഫോണിൽ ബന്ധപ്പെടുകയും ഉടൻ മറ്റത്തൂർ പഞ്ചായത്ത് ഹാളിൽ യോഗം കൂടുമെന്നും ജനങ്ങൾക്കും സംഘടനകൾക്കും പങ്കെടുത്ത് പരാതികൾ പറയാൻ സാഹചര്യം ഒരുക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ 16ന് കാട്ടാനയെ കണ്ട് ഭയന്ന് ചികിത്സയിലിരിക്കെ മരിച്ച ചൊക്കന സ്വദേശി കൊഴപ്പ മുഹമ്മദാലിയുടെ ഭാര്യ റാബിയയുടെ വീടും, കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കരുവാൻ തൊടി രാജു, മകൾ പ്രിയ എന്നിവരെയും മന്ത്രി സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ നൂറോളം തെങ്ങുകളും നിരവധി കവുങ്ങുകളും നശിപ്പിച്ച പോത്തൻചിറ ഐപ്പൻപ്പറമ്പിൽ കുന്നേൽ മറിയാമ്മ തോമസിന്റെ കൃഷിയിടത്തിലും മന്ത്രി എത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, പി.എസ്. പ്രശാന്ത്, ഷീല തിലകൻ, ബീന നന്ദകുമാർ, ലൈല ബഷീർ, ജോയ് കാവുങ്ങൽ, പി.സി. ഉമേഷ്, സി.വൈ. കുഞ്ഞിമുഹമ്മദ് എന്നിവരും ഒപ്പമുണ്ടായി.