വടക്കാഞ്ചേരി: കാട്ടുതീ തടയുന്നതിനും, വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും വനജാഗ്രതാ സംരക്ഷണ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് വനംമന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.
കൊറ്റമ്പത്തൂരിലെ വനത്തിൽ കാട്ടുതീയിൽ മരിച്ച വനപാലകർക്ക് വനം വകുപ്പിന്റെ സഹായം കൈമാറിയ ശേഷം വടക്കാഞ്ചേരിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിൽ സ്ഥിരം ജീവനക്കാരനായ വാളയാർ സ്വദേശി ദിവാകരന്റെ ആശ്രിതന് വനം വകുപ്പിൽ സ്ഥിര നിയമനം നൽകും. താത്കാലിക ജീവനക്കാരായ കൊടുമ്പ് സ്വദേശികളായ വേലായുധന്റെയും, ശങ്കരന്റെയും ആശ്രിതർക്ക് താത്കാലിക നിയമനം നൽകും. മരിച്ചവർക്ക് പെരിയാർ ടൈഗർ ഫൗണ്ടേഷനിൽ നിന്ന് 7.50 ലക്ഷം രൂപയുടെയും, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ ഒരു ലക്ഷം രൂപയുടെയും ചെക്ക് മന്ത്രി കൈമാറി. ഇതിന് പുറമേ വനം വകുപ്പിലെ ജീവനക്കാരും ധനസഹായം നൽകും.
വനത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളടങ്ങിയ രണ്ട് ഫയർ റെസ്‌പോൻഡർ വാഹനങ്ങൾ ഇതിനകം വനം വകുപ്പിന് ലഭ്യമാക്കിയിട്ടുണ്ട്. ഡെറാഡൂണിലെ ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യയുടെ സഹായത്തോടെ സാറ്റലൈറ്റ് ഉപയോഗിച്ച് കേരളത്തിലെ ഏത് പ്രദേശത്ത് തീപിടിത്തമുണ്ടായാലും അറിയുന്നതിനുള്ള ആധുനിക സൗകര്യം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.