pattyam
മലയോര പട്ടയം

തൃശൂർ : മലയോര മേഖലയിലെ പട്ടയമെന്ന പതിറ്റാണ്ടുകൾ നീണ്ട അവശ്യത്തിന് പാതി പരിഹാരം. പട്ടയത്തിനായി നിരന്തരമായ സമര പോരാട്ടങ്ങൾക്കൊടുവിൽ അപേക്ഷിച്ചവരിൽ 1300 ഓളം പേർക്കാണ് മാർച്ച് മാസത്തിൽ പട്ടയം നൽകാൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്.

ബാക്കിയുള്ളവർക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമായി നടക്കുകയാണെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. നാളെ മുതൽ കളക്ടറേറ്റ് പടിക്കൽ മലയോര സംരക്ഷണ സമിതി മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പട്ടയ വിതരണം നൽകുമെന്ന പ്രഖ്യാപനം വന്നത്.
ഒല്ലൂർ മണ്ഡലത്തിലെ പുത്തൂർ, നടത്തറ, മാടക്കത്തറ, പാണഞ്ചേരി പഞ്ചായത്തുകളിലായി പതിനായിരം കുടുംബങ്ങളാണ് പട്ടയത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നത്. എന്നാൽ 4500 ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് കളക്ടർ പറഞ്ഞു. സമര സമിതിയുടെ പ്രധാന ആവശ്യമായ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുന്നതിനേക്കാൾ ഈ മേഖലയിലെ പ്രവർത്തനങ്ങൾക്ക് വേണ്ട സൗകര്യം നൽകിയിട്ടുണ്ട്. 1977 ന് മുമ്പ് കുടിയേറിയവർക്കുള്ള പട്ടയമാണ് നൽകുന്നത്.

കേന്ദ്രാനുമതി ലഭിച്ചാൽ ഈ വർഷം തന്നെ അടുത്ത ഘട്ട വിതരണവും നടക്കുമെന്ന് കളക്ടർ പറഞ്ഞു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്രാനുമതിക്കായി വീണ്ടും സമർപ്പിക്കും

നേരത്തെ സംയുക്ത പരിശോധന നടത്തി പത്ത് വർഷം മുമ്പ് അയച്ച അപേക്ഷകൾ വീണ്ടും ഓൺലൈനായി സമർപ്പിക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി രണ്ട് ലക്ഷം രൂപ ചെലവഴിച്ച് 10 ജി.പി.എസ് മെഷീനുകൾ സർവ്വേ വകുപ്പിന് കൈമാറി.

53 ജീവനക്കാർ

പട്ടയ വിതരണം ത്വരിതപ്പെടുത്താൻ ജില്ലയിലെ സർവേ വിഭാഗത്തിലുള്ള 120 പേരിൽ 53 പേരെ നിയോഗിച്ചു. മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി തഹസിദാർ, റവന്യൂ ഇൻപെക്ടർ എന്നിവരെ താത്കാലികമായി നിയോഗിച്ചു.

12 വാഹനങ്ങൾ

പ്രവർത്തനങ്ങൾക്കായി ആരോഗ്യ വകുപ്പിന്റേതടക്കം 12 വാഹനങ്ങൾ സർവ്വേ വിഭാഗത്തിന് വിട്ടുനൽകി

5 ലക്ഷം പ്രത്യേകഫണ്ട്


സർവ്വേ പ്രവർത്തനങ്ങൾക്കായുള്ള ചെയിൻമാൻ വേജസ് ഇനത്തിൽ ആവശ്യമായ സർക്കാർ ഫണ്ട് അനവദിക്കാത്തതിനെ തുടർന്ന് അഞ്ചു ലക്ഷം രൂപ പ്രത്യേക ഫണ്ട് അനുവദിച്ചു.

ഇതുവരെ നൽകിയ വനഭൂമി പട്ടയം


1977 ന് ശേഷം ഇതുവരെ നൽകിയത് 4,500 എണ്ണം
അവസാന പട്ടയമേളയിൽ നൽകിയത് 21 എണ്ണം

പട്ടിക പ്രസിദ്ധീകരിക്കും


ഇത്തവണ നൽകുന്ന പട്ടയങ്ങളുടെ ലിസ്റ്റ് ഈ മാസം അവസാനം പഞ്ചായത്ത് വില്ലേജ് ഓഫീസുകളിൽ പ്രസിദ്ധീകരിക്കും

....................

സമരത്തിൽ നിന്ന് പിന്മാറില്ല. നിരവധി തവണ കളക്ടർ ഇത്തരത്തിൽ പ്രസ്താവന നടത്തിയിരുന്നു. അതുകൊണ്ട് ഈ പ്രഖ്യാപനത്തിൽ വിശ്വാസമില്ല. നാളെ മുതൽ കളക്ടറേറ്റ് പടിക്കൽ മരണം വരെ നിരാഹാര സമരം ആരംഭിക്കും


(കെ.കെ ജോർജ്ജ്, ജില്ലാ കൺവീനർ)