ചേലക്കര: മതസൗഹാർദ്ദത്തിന്റെ പ്രതീകമുയർത്തി ആഘോഷിച്ച കാളിയാ റോഡ് പള്ളി ജാറം ചന്ദനക്കുടം നേർച്ച ഭക്തി സാന്ദ്രമായി. പള്ളിയിൽ നടന്ന മൗലീദ് ഖുറാൻ പാരായണം, ഖത്തം ദുഅ ഇരക്കൽ തുടങ്ങിയ വിവിധ ചടങ്ങുകൾക്ക് ശേഷം കേന്ദ്ര ജുമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള മഹല്ലുകളിൽ നിന്ന് നേർച്ച എത്തി കൊടിയേറ്റ കർമ്മം നടത്തി.

തുടർന്ന് സാമൂഹിക സാംസ്‌കാരിക യുവജന കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള നൂറോളം നേർച്ചകളാണ് പള്ളി ജാറാങ്കണത്തിലെത്തിയത്. തലയെടുപ്പുള്ള ഗജവീരന്മാരെ എഴുന്നെള്ളിച്ച് ,താള, മേള വർണ്ണ വിസ്മയം തീർത്ത് ദഫ്മുട്ടി ന്റെയും മാപ്പിളപ്പാട്ടിന്റെയും പൂക്കാവടികളുടെയും അകമ്പടിയോടെ എത്തിയ നേർച്ച വരവ് വീക്ഷിക്കാനും പങ്കെടുക്കാനുമായി പതിനായിരങ്ങളാണ് കളിയാ റോഡെത്തിയത്. ഓരോ നേർച്ചകളെയും മുട്ടും വിളിയോടു കൂടി ചെന്നാണ് പി.എസ് മൊയ്തീൻ കുട്ടി, വി.എസ് കാസിം ഹാജി , എം.എം മുഹമ്മദ് കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭാരവാഹികൾ ജാറാങ്കണത്തിലേക്ക് സ്വീകരിച്ചാനയിച്ചത്..