ചാലക്കുടി: മേലൂരിൽ കനാൽ വെള്ളം ഗതിമാറിയൊഴുകി വീടു തകരുമെന്ന ഭീഷണി നാട്ടുകാരുടെ ഇടപെടലോടെ ഒഴിവായി. മാലിന്യം നിറഞ്ഞതിനെ തുടർന്ന് ശാന്തിപുരം എൽ.പി സ്‌കൂളിന് സമീപത്താണ് കനാൽ കരകവിഞ്ഞത്. പൊന്നത്തുപറമ്പിൽ മനോഹരന്റെ വീട്ടിലേക്ക് കയറിയ വെള്ളത്തെ നിയന്ത്രിക്കുന്നതിന് പഞ്ചായത്തംഗം എം.എസ്. ബിജുവിന്റെ നേതൃത്വത്തിൽ അയൽവാസികളാണ് ശ്രമങ്ങൾ നടത്തിയത്. മുകൾ ഭാഗത്ത് ബണ്ട് പൊട്ടിച്ച് വെള്ളം മറ്റൊരു ദിശയിലൂടെ ഒഴുക്കി വിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ മനോഹരന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മണ്ണിഷ്ടികയാൽ നിർമ്മിച്ച ചുവരുകൾ ഇടിഞ്ഞു വീഴുമെന്ന അവസ്ഥയുണ്ടായി. ഇതിനിടെ വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം അവസരോചിതമായി ഇടപെട്ടു. തുടർന്നാണ് പരിസരവാസികൾ സഹായത്തിനെത്തിയത്. പത്തു ദിവസം കൂടുമ്പോഴാണ് മേലൂർ സൗത്ത് ബ്രാഞ്ച് കനാലിൽ രണ്ടു ദിവസത്തേയ്ക്കായി വെള്ളം വിടുന്നത്. മുകൾ ഭാഗത്ത് കിടന്ന മാലിന്യങ്ങൾ ഒഴുകിയെത്തി പെട്ടെന്ന് സ്പൗട്ടിൽ തടയുകായിരുന്നു. അടുത്ത തവണ വെള്ളം വിടുന്നതിന് മുമ്പ് കനാൽബണ്ട് നേരെയാക്കണമെന്നും മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും എം.എസ്. ബിജു ഇറിഗേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.