ഇരിങ്ങാലക്കുട : ചരിത്രവഴികളിൽ നിന്ന് ഊർജ്ജം സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിന് മാത്രമാണ് ഒരു ജനതയെ സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ നയിക്കാനാകൂവെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. മഹാസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന വേളയിൽ സഭ പിന്നിട്ട സഞ്ചാരപഥങ്ങൾ ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് വർത്തമാനകാലം. നിഷേധത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചവരുടെ കാലം അസ്തമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസിൽ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തുവാൻ വിളിച്ച് ചേർത്ത ജില്ലാ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കൺവീനർ വി.എസ് ആശ്‌ദോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി ബാബു, സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എസ് റെജികുമാർ, പി.എ അജയഘോഷ്, ശാന്താ ഗോപാലൻ, കെ.എസ് രാജു, പി.എൻ സുരൻ, ഇ.ജെ തങ്കപ്പൻ, അരുൺ ഗോപി, സവിത വിനോദ്, ഷീജ രാജു, നിർമല മാധവൻ, ടി.ആർ ഷേർളി, സന്ദീപ് അരിയാപുറം തുടങ്ങിയവർ സംസാരിച്ചു.