anu
അനുമായ

കൊടുങ്ങല്ലൂർ: നാളിതുവരെ എല്ലാവരും 'ഉണ്ണി' എന്ന് വിളിച്ചിരുന്ന ഉണ്ണിക്കൃഷ്ണനിൽ നിന്നും അനുമായയിലേക്കുള്ള മാറ്റം യാഥാർത്ഥ്യമായതോടെ കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എൻജിനീയറെ സംഭാവന ചെയ്തതിന്റെ ഖ്യാതിയും കൊടുങ്ങല്ലൂരിന് സ്വന്തം. കൊടുങ്ങല്ലൂരിലെ ആദ്യത്തെ ട്രാൻസ് വുമൺ കൂടിയാണ് ഇവർ.
സംസ്ഥാനത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രാൻഡിന്റെ എൻജിനീയറിംഗ് വിഭാഗം മേധാവിയായ ഇവർ ഉണ്ണിയിൽ നിന്നും അനുമായയിലേക്കുള്ള പരിണാമം ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് മാലോകരെ അറിയിച്ചത്. തന്റെ ദുരിതയാത്രയുടെ ശുഭപര്യവസാനം എന്നാണീവർ ഈ പരിണാമത്തെ വിശേഷിപ്പിച്ചത്. സ്വപ്‌നങ്ങൾ കാണാൻ പോലും ഉള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു മനുഷ്യൻ, കൂട്ടത്തിൽ കൂട്ടാതെ സമൂഹം മാറ്റി നിറുത്തിയ ഒരുവൾ എന്നൊക്കെയാണ് തന്റെ പഴയ കാല ജീവിതത്തെ ഇവർ വിശേഷിപ്പിക്കുന്നത്.
യൗവനവും കൂടി പിന്നിടുമ്പോഴും വിധിക്കു കീഴടങ്ങി തോൽവി സമ്മതിക്കില്ല എന്ന വാശിയാണ് തന്റെ വിജയ രഹസ്യമെന്ന് ഇവർ പറയുന്നു. മിക്കവാറും ട്രാൻസ് ജന്മങ്ങളും ആദ്യം തഴയപ്പെടുന്നത് സ്വന്തം മാതാപിതാക്കളാൽ ആണെങ്കിൽ തന്റെ മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ എന്നിവരുടെ വാത്സല്യവും പ്രോത്സാഹനവുമാണ് തന്റെ വിജയങ്ങളുടെ പിന്നിലെന്നും അനുമായ കുറിക്കുന്നു. തന്നെ പൂർണതയിലേക്ക് എത്തിച്ച എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാരായ സുജ സുകുമാരൻ, അർജ്ജുൻ അശോക്, വിവേക്, ഹരീന്ദ്രൻ, രാജേശ്വരി, ദീപക് എന്നിവരുടെ പിന്തുണയോടെയാണ് തനിക്ക് പുനർജ്ജന്മം ലഭിച്ചതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പത്ത് മണിക്കൂറോളം നീണ്ടുനിന്ന മേജർ സർജറി സംബന്ധിച്ചും ഇതിനൊരുങ്ങാൻ മാനസിക ധൈര്യവും പിന്തുണയും നൽകിയ സുഹൃത്തുക്കളുടെയെല്ലാം പേരെടുത്ത് പറഞ്ഞും അവർക്കെല്ലാം നന്ദി പ്രകാശിപ്പിച്ചിട്ടുണ്ട്.