തൃശൂർ: മണലൂരിൽ നെൽക്കൃഷിയിൽ പരീക്ഷിച്ച് വിജയിച്ച ഡ്രോൺ സംവിധാനം കേരമേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. തെങ്ങിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൃത്യമായ മേൽനോട്ടം, രോഗനിർണയം, സസ്യാരോഗ്യ സംരക്ഷണം, വിളവെടുപ്പ് എന്നിവ ഡ്രോണുകളുടെ സഹായത്തോടെ ആയാസ രഹിതമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കാർഷിക സർവകലാശാല വിദഗ്ദ്ധസംഘം. വിലപിടിപ്പുളളതിനാൽ കർഷകർക്ക് വാങ്ങാൻ പ്രയാസമാണെങ്കിലും കർഷക കൂട്ടായ്മകൾക്കും സൊസൈറ്റികൾക്കും ഡ്രോൺ സഹായകമാകും. ഉടനെ അത് ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
ജൈവ കീടനാശിനിയും മറ്റും തെങ്ങിൻ്റെ മുകളിൽ നിന്ന് തളിക്കാനും രോഗപ്രതിരോധം കാര്യക്ഷമമാക്കാനും ഡ്രോൺ വഴി കഴിയും. റോബോട്ടിക്‌സും ഇമേജ് പ്രോസസിംഗ് സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് ഡ്രോണുകളുടെ സഹായത്തോടെ തെങ്ങ് കൃഷിയിൽ ഉത്പാദനം കൂട്ടാൻ ശ്രമിക്കുന്നത്.
കാർഷിക സർവകലാശാലയുടെ പടന്നക്കാട് കാർഷിക കോളേജ് ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന നാളികേരാധിഷ്ഠിത വിജ്ഞാന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമാണിത്. കാർഷിക യന്ത്രവത്കരണ രംഗത്തെ ചുവടുവയ്പ്പായ അഗ്രോ ഡ്രോണിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ കഴിഞ്ഞ വർഷം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചിരുന്നു. കോട്ടയം മെത്രാൻ കായലിലാണ് കൃഷി വകുപ്പ് ആദ്യമായി ഡ്രോൺ പരീക്ഷിച്ചത്. നെൽക്കൃഷിയിൽ സൂക്ഷ്മമൂലകങ്ങളുടെ അപര്യാപ്തത പരിഹരിക്കാനായി അന്ന് ഡ്രോൺ ഉപയോഗിച്ചത് വിജയകരമായെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഡ്രാേണിന് വില:
8-10 ലക്ഷം
ഗുണങ്ങൾ:
സമയവും കൂലിയിനത്തിൽ പണവും ലാഭിക്കാം
ജൈവകീടനാശിനികളും മൈക്രോ സൂക്ഷ്മമൂലകങ്ങളും ഫലപ്രദമായി പ്രയോഗിക്കാം
ഏരിയൽ ഫോട്ടോഗ്രാഫിയും സമഗ്രമായ തെങ്ങ് പരിപാലനവും സാദ്ധ്യമാകും
തേങ്ങയുടെ വിളവ് അറിയാനും നീര ഉത്പാദനത്തിനുള്ള സാഹചര്യം തിരിച്ചറിയാനുമാകും.
സമഗ്രപദ്ധതി
നാളികേര കൃഷിയിൽ ഉന്നത ഗവേഷണവും മൂല്യവർദ്ധനയും ലക്ഷ്യം വയ്ക്കുന്ന പദ്ധതിയാണിത്. ഐ.സി.എ.ആറിൻ്റെ ഇരുപത് കോടിയുടെ പദ്ധതിയിൽ
വിവിധ റോബോട്ടിക് വിദ്യകൾ, നീര സാങ്കേതികവിദ്യ, തേങ്ങാപ്പാൽ കേട് കൂടാതെ സൂക്ഷിക്കാനുളള സംവിധാനം അടക്കം ഉൾപ്പെടുന്നു. വിളപരിപാലന ശുപാർശകളുടെ സംക്ഷിപ്തം തയ്യാറാക്കൽ, നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള വിള പരിപാലനം, കർഷകർക്കും സംരംഭകർക്കുമായി പരിശീലന പരിപാടി എന്നിവയും നടത്തുന്നുണ്ട്. സർവകലാശാലയുടെ കീഴിലുള്ള അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിലാണ് പദ്ധതി പുരോഗമിക്കുന്നത്.
..........
'' എത്ര ഉയരത്തിൽ ഡ്രോൺ പ്രയോഗിക്കണമെന്നും എത്ര അളവിൽ ജൈവ കീടനാശിനി പ്രയോഗിക്കണമെന്നും അടക്കമുള്ള വിശദാംശങ്ങൾ സർവകലാശാല ലഭ്യമാക്കും. തെങ്ങ് കൃഷി അനുബന്ധ വികസനപ്രവർത്തനങ്ങൾക്ക് ഡ്രോൺ മുതൽക്കൂട്ടാകും.''
- ഡോ. കെ.പി സുധീർ, കാർഷിക എൻജിനീയറിംഗ് വിഭാഗം മേധാവി, കോ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ