തൃശൂർ: ഭിന്നശേഷി കുട്ടികളുടെ സുരക്ഷയും സംരക്ഷണവും എന്ന വിഷയത്തിൽ കിലയിൽ നടന്ന ത്രിദിന ശില്പശാലയുടെ സമാപന സമ്മേളനം മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. 2015 ലെ ബാലനീതി നിയമ പ്രകാരം കേരളത്തിൽ ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന 35 സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാർ, മാനേജർമാർ, ജോലിക്കാർ, ആയകൾ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്ന് 60 ഓളം പേർ ശില്പശാലയുടെ ഭാഗമായി. നിയമം ഉറപ്പ് വരുത്തുന്ന സുരക്ഷിതത്വം ഭിന്നശേഷി കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് സംരക്ഷണ സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്കും ബന്ധപ്പെട്ടവർക്കും ശരിയായ പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് കീഴിലുള്ള എൻ.ഐ.പി.സി.സി.ഡിയും, സംസ്ഥാന ബാലാവകാശ കമ്മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കില ഡയറക്ടർ ജോയ് ഇളമൺ അദ്ധ്യക്ഷനായി. എൻ.ഐ.പി.സി.സി.ഡി ജോയിന്റ് ഡയറക്ടർ ഡോ. കെ.സി ജോർജ്, ഡെപ്യൂട്ടി ഡയറക്ടർ സംഘമിത്ര ബാരിക്, ബാലാവകാശ സംരക്ഷണ കമ്മിഷൻ മെമ്പർ ഡോ. എം.പി ആന്റണി, സി.എം.സി മെമ്പർ സിസ്റ്റർ ബിജി ജോസ് തുടങ്ങിയവർ പങ്കെടുത്തു.