തൃശൂർ: അവിനാശി അപകടത്തിൽ മരിച്ച ഒല്ലൂർ അപ്പാടൻ ഇഗ്‌നിയെ അവസാനമായി ഒരു നോക്കു കാണാനാകാതെ മുറിവേറ്റ മനസും ശരീരവുമായി കോയമ്പത്തൂരിലെ ആശുപത്രിയിൽ കഴിയുന്ന ഭാര്യ ബിൻസിക്ക് ഉടനെ നാട്ടിലെത്താനാവില്ല. ഗുരുതരമായി തലയിൽ പരിക്കേറ്റ ബിൻസിക്ക് ചിലപ്പോൾ മാത്രമാണ് ബോധം വീണ്ടുകിട്ടുന്നത്.
ഓർമ്മ വരുമ്പോൾ അലമുറയിട്ട് കരയും. ചൊവ്വാഴ്ച ഐ.സി.യുവിൽ നിന്ന് മാറ്റാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് ശേഷം മാത്രമേ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാനാകൂ. രക്തസ്രാവമുള്ളതിനാൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാൽ ശനിയാഴ്ച ഇഗ്നിയുടെ സംസ്കാരച്ചടങ്ങിന് എത്താനായില്ല. തലയിലും ചുമലിലും പരിക്കുകളുളള ബിൻസി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ചുമലിലെ ശസ്ത്രക്രിയയും വിജയകരമായിരുന്നു. അപകടത്തിൽ മരിച്ച ഇഗ്‌നിയുടെ മൃതദേഹം ജൂബിലി മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച് ബന്ധുക്കൾ കാത്തിരുന്നത് വിൻസിയെ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അത് നടന്നില്ല. ശനിയാഴ്ച വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കാരം നടത്തി.