തൃശൂർ: കടുത്ത ചൂടും അപ്രതീക്ഷിതമായ കാറ്റും ജനവാസ മേഖലയേക്കാൾ ഗുരുതരമായി കാടിനെ ബാധിക്കുകയും വൻതീപ്പിടിത്തങ്ങൾക്ക് ഇടയാക്കുകയും ചെയ്യുമ്പോൾ തീയണയ്ക്കാൻ കഴിയാതെ വനംവകുപ്പും അഗ്നിശമനസേനയും ഓടിത്തളരുന്നു.

കൊറ്റമ്പത്തൂരിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മൂന്ന് വനപാലകർ മരിച്ച സംഭവത്തിന് മുമ്പും പിന്നാലെയും ജില്ലയിലെ വനമേഖലയിൽ ചെറുതും വലുതുമായി നിരവധി തീപ്പിടിത്തങ്ങളാണുണ്ടായത്. കണക്കിൽപെടാത്ത തീപ്പിടിത്തങ്ങൾ ഈയാണ്ടിൽ കൂടുമ്പോൾ ഇപ്പോഴും പഴഞ്ചൻ പ്രതിരോധമാർഗങ്ങളും തീ നിയന്ത്രണ രീതികളും മാത്രം.

വനം വകുപ്പ് ജീവനക്കാർക്ക്‌ വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഇതേവരെ ലഭ്യമായിട്ടില്ല. ഫയർ വാച്ചർമാർക്ക് മെഡിക്കൽ, ഇൻഷ്വറൻസ് പരിരക്ഷയുമില്ല. ഫണ്ട് ദാരിദ്ര്യം ചൂണ്ടിക്കാട്ടി കാട്ടുതീ നീയന്ത്രണ പ്രവർത്തനങ്ങളും കടലാസിലാണ്.

സംരക്ഷിത വനപ്രദേശങ്ങളിൽ അടക്കം കാട്ടുതീ നിയന്ത്രണത്തിന് മണ്ണും പുല്ലും മരക്കമ്പുകളുമെല്ലാമാണ് തുടരുന്നത്. തീ നിയന്ത്രിക്കുന്നത് ദിവസക്കൂലിക്കാരായ ഫയർ വാച്ചർമാരും. വനമേഖലയിൽ തീപ്പിടിത്തം നടന്നത് പോലും അറിയാത്ത ഉയർന്ന ഉദ്യോഗസ്ഥന്മാരുമുണ്ട് വനം വകുപ്പിൽ. അതേസമയം, 50 ലക്ഷം രൂപ ലഭിച്ചിരുന്ന ദേശീയ ഉദ്യാനങ്ങളുടെ ഫണ്ട് പോലും പകുതിയായി കുറഞ്ഞതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

പരിമിതികൾ:

തീകെടുത്താൻ പോകുന്നവർക്ക് പൊള്ളലേക്കാത്ത വസ്ത്രങ്ങളും പുകയേൽക്കാത്ത മാസ്‌ക്കുമില്ല.

യാത്ര ചെയ്യാനുളള വാഹനങ്ങളും വെള്ളമെത്തിക്കാനുള്ള ഉപകരണങ്ങളും സ്ഥിരം ജീവനക്കാരും ഇല്ല.

വന മേഖലയിൽ പോലും കാട്ടുതീ നിയന്ത്രണത്തിന്‌ വേണ്ടത്ര കേന്ദ്ര, സംസ്ഥാന ഫണ്ട് ലഭ്യമല്ല

ഫണ്ട് കുറഞ്ഞതോടെ 20 ഫയർ വാച്ചർമാർ ഉണ്ടായിരുന്ന ഇടങ്ങളിൽ മൂന്നും നാലും പേരായി കുറഞ്ഞു.

പോം വഴികൾ:

കാട്ടുതീ കണ്ടെത്തുന്നതിനും വനം ഡിവിഷനിൽ അറിയിക്കുന്നതിനും ആധുനിക ഉപഗ്രഹ സംവിധാനമുളളതു പോലെ തീ അണയ്ക്കുന്നതിന് സുരക്ഷിതവും ആധുനികവുമായ സംവിധാനങ്ങൾ വേണം

തീ നിയന്ത്രണത്തിന് സ്ഥിരം ജീവനക്കാരുടെ എണ്ണം കൂട്ടണം

വേനൽക്കാലങ്ങളിൽ കാടിനോടടുത്ത പ്രദേശങ്ങളിൽ ദിവസക്കൂലിക്ക് എടുക്കുന്നവർക്ക് വിദഗ്ധപരിശീലനം നൽകണം

സാമൂഹിക വിരുദ്ധരെ കണ്ടെത്തുകയും കാട്ടിനുളളിൽ പ്രവേശിക്കുന്നത് തടയുകയും വേണം

ഫയർലൈനുകൾ കാര്യക്ഷമമാക്കണം

സാമൂഹിക വനവത്കരണം നടത്തുമ്പോൾ മരങ്ങൾ തമ്മിൽ അകലം ഉറപ്പുവരുത്തണം.

അടുത്ത ദിവസങ്ങളിലെ ജില്ലയിലെ താപനില

35.7 ഡിഗ്രി സെൽഷ്യസ്

34.3

35.8

'' കാട്ടുതീ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജനവാസ മേഖലയിലെ തീ അണയ്ക്കുന്നതിനാണ് ഫയർഫോഴ്സിന് സൗകര്യങ്ങളുള്ളത്. കാട്ടുതീ അണയ്ക്കുന്നതിന് ഫലപ്രദമായ മാർഗങ്ങളില്ല. ''

- അഷ്റഫ് അലി, ജില്ലാ ഫയർ ഓഫീസർ