തൃശൂർ: കാലാവസ്ഥാ വ്യതിയാനമാണ് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ഇതിനെ അതിജീവിക്കാൻ സൗരോർജ്ജ പദ്ധതികൾ പോലെയുള്ള പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം മാനേജർ സ്വാമി സദ്ഭവാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ജയചന്ദ്രൻ, വാർഡ് മെമ്പർമാരായ പുഷ്പലതാ രാധാകൃഷ്ണൻ, സണ്ണി, സ്‌കൂൾ പ്രധാനാദ്ധ്യാപകൻ വി.എസ് ഹരികുമാർ, പ്രിൻസിപ്പൽ എം.കെ ബിന്ദു, കോ ഓർഡിനേറ്റർ കെ.എസ് ഗീത തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളായ അതുൽ ശങ്കർ, വിനീത്, പ്രണവ്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള 'സൺഡേ മിറേർസ്' എന്ന സ്റ്റാർട് അപ് ഗ്രൂപ്പാണ് സൗരോർജ്ജ പദ്ധതി സജ്ജീകരിച്ചത്.
ആറര ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി 10 കിലോ വാട്ട്‌സ് വൈദ്യുതി ഉത്പാദിപ്പിക്കും. പൂർവ വിദ്യാർത്ഥി സംഘടനയുടെയും മറ്റും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.