കാഞ്ഞാണി: മണലൂർ 11-ാം വാർഡിലെ ബസ് കാത്തിരിപ്പുകേന്ദ്രം അപകട ഭീഷണിയിൽ. കമ്പനി സെന്ററും കിഴക്കേ മണലൂരൂം തമ്മിൽ ബന്ധിപ്പിക്കുന്ന പി.ഡബ്ലി.യു.ഡി റോഡ് സൈഡിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഭാവി എന്ന പേരിൽ അറിയപ്പെടുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നിരിക്കുന്നത്.
കോൺക്രീറ്റ് തുണുകൾ തകർന്ന് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് കാത്തിരിപ്പ് കേന്ദ്രം. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിന് കുലുക്കം സംഭവിക്കുന്നുണ്ട്. ഭയന്ന് കാത്തിരിപ്പുകേന്ദ്രത്തിൽ ആരും കയറാറില്ലെങ്കിലും
യാത്രക്കാരും കുട്ടികളും ഇതിന് മുന്നിലൂടെ കടന്നുപോകുന്നതിനാൽ വലിയൊരു അപകട സാധ്യതയുണ്ട്. നാട്ടുകാർ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമായതിനാൽ പഞ്ചായത്ത് അധികൃതർ കൈയ്യൊഴിയുകയാണ്. ഇത് നിർമ്മിക്കാൻ നേതൃത്വം കൊടുത്തവരോട് പൊളിച്ചുമാറ്റുകയോ പുനർനിർമ്മിക്കുകയോ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
................................
വണ്ടിയിടിച്ചാണ് കേടുപാടുകൾ സംഭവിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രം സമീപത്ത് ഉള്ളവരാണ് നിർമ്മിച്ചത്. പുനർനിർമ്മിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
- എം.ആർ മോഹനൻ (11-ാം വാർഡ് മെമ്പർ, വൈസ് പ്രസിഡന്റ് മണലൂർ പഞ്ചായത്ത്)
കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി പൊളിച്ചുമാറ്റുകയോ പുനർനിർമ്മിക്കുകയോ ചെയ്യണം. ഒരു ദുരന്തം സംഭവിച്ച് വിലപിച്ചിട്ട് കാര്യമില്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ വേണം.
- ശിവരാമൻ കണിയാംപറമ്പിൽ (ഗ്രാമവികസനസമിതി, മണലൂർ പഞ്ചായത്ത്)