ചാവക്കാട്: നരസിംഹം സിനിമയിൽ നടൻ മോഹൻലാലുമായി വടിപ്പയറ്റ് നടത്തിയ ഫ്രഞ്ച് വനിതാ ഇക്കുറി ചാവക്കാട് വല്ലഭട്ട കളരിയിലെത്തിയത് മകനെ കളരി അഭ്യസിപ്പിക്കാൻ. ഫ്രാൻസിലെ മാർസെ സ്വദേശിനി മേരി പെസലറ്റാണ് മകൻ ഇസാഖുമായെത്തി വല്ലഭട്ട കളരിയിലെ ഉണ്ണി ഗുരുക്കളിൽ നിന്ന് അനുഗ്രഹം വാങ്ങി ദക്ഷിണ സമർപ്പിച്ചത്.
ഗുരുക്കൻമാരായ കെ.പി. കൃഷ്ണദാസ്, കെ.പി. രാജീവ്, കെ.പി. ദിനേശൻ എന്നിവർ ഇസാഖിനെ കളരിപ്പയറ്റിന്റെ ചുവടുകൾ അഭ്യസിപ്പിച്ചു തുടങ്ങി. 1999ലാണ് മേരി പെസലറ്റ് വല്ലഭട്ടയിൽ കളരി പഠിക്കാനെത്തിയത്. ഫ്രഞ്ച് മിനിസ്റ്ററി ഫോറിൻ അഫയേഴ്‌സ് ഒരു വർഷത്തെ സ്‌കോളർഷിപ്പ് നൽകിയാണ് കളരി പഠിക്കാൻ അയച്ചത്.
ഫ്രാൻസിലെ മാർസെയിൽ സത്‌സംഗം എന്ന പേരിൽ കളരിപ്പയറ്റ് ഉൾപ്പെടെയുള്ള മാർഷ്യൽ ആർട്‌സുകളും പഠിപ്പിക്കുന്ന സ്ഥാപനം നടത്തുകയാണ് ഇപ്പോൾ. ഫ്രാൻസിൽ നിന്നുള്ള മോഡേൺ ഡാൻസർ ക്രിസ്റ്റൽ പിച്ചിറ്റോയും വല്ലഭട്ടയിൽ കളരിയിൽ അഭ്യസിക്കാനെത്തിയിട്ടുണ്ട്. നാച്വറോപ്പതിയും തെറാപ്പിയും കളരിപ്പയറ്റും നൃത്തവും സമന്വയിപ്പിച്ച് പുതിയ പരീക്ഷണം നടത്തുകയാണ് ക്രിസ്റ്റൽ പിച്ചിറ്റോ.