കൊടകര: കനകമല മാർത്തോമ കുരിശുമുടി തീർത്ഥാടനം കേന്ദ്രത്തിൽ എൺപത്തിയൊന്നാം തീർത്ഥാടനം ആരംഭിച്ചു. പുത്തൻചിറ കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തിൽ നിന്നും തെളിച്ച വിശ്വാസദീപം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൊടകര ഫൊറോന ദേവാലയത്തിൽ സ്വീകരണം ഏറ്റുവാങ്ങി. കുരിശുമുടി തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരുകയും തുടർന്ന് ആർച്ച് ബിഷപ്പ് ജോർജ് പാനികുളം ദീപം ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്ഠിച്ചു. തുടർന്ന് തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോയ് തറക്കൽ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികളോട് ചേർന്ന് കുരിശു മുടിയിൽ ദീപം തെളിച്ച് ദിവ്യബലിയർപ്പിച്ചു.
നോമ്പുകാലത്തു എല്ലാ ദിവസവും വൈകിട്ട് ഏഴിനും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴിനും 9.30നും വൈകിട്ട് ഏഴിനും ദിവ്യബലി ലദീഞ്ഞ്. ആരാധന തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടാകും. തീർത്ഥാടന കേന്ദ്രം അസിസ്റ്റന്റ് വികാരി ഫാ. ഫ്രാൻസിസ് എടാട്ടുകാരൻ, മദർ സുപ്പീരിയർ സിസ്റ്റർ ബീന മുണ്ടക്കൽ, തീർത്ഥാടന കൺവീനർ വർഗീസ് കുയിലാടൻ മുണ്ടക്കൽ, കൈക്കാരൻമാരായ ഷാജു വെളിയൻ, പോൾസൻ കുയിലാടൻ, ജോസ് കള്ളിയത്തു പറമ്പിൽ, വിൽസൺ ചോനേടൻ, കേന്ദ്രസമിതി പ്രസിഡന്റ് എമിൽ ഡേവിസ് വെള്ളാനി, പി.ആർ.ഒ ബൈജു അറയ്ക്കൽ, ജോസ് കറുകുറ്റിക്കാരൻ, തോമസ് കുറ്റിക്കാടൻ എന്നിവർ നേതൃത്വം നൽകി.