കുന്നംകുളം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതി പ്രകാരം ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത നഗരമാവാൻ കുന്നംകുളം നഗരസഭ. വെള്ളിയാഴ്ച നഗരസഭയോട് ചേർന്ന് 20 രൂപയ്ക്ക് ഊണു ലഭിക്കുന്ന കാന്റീൻ ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. മന്ത്രി എ. സി മൊയ്തീൻ, നഗരസഭാ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജില്ലയിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഊണ് ലഭിക്കുന്ന ആദ്യത്തെ സംരംഭം കൂടിയാണ് കുന്നംകുളത്ത് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണി വരെ 500 പേർക്ക് ഭക്ഷണം നൽകും. ചോറ്, സാമ്പാർ, ഉപ്പേരി, കൂട്ടുകറി, പപ്പടം എന്നിവയാണ് വിഭവങ്ങൾ. ദിവസവും പൈസയില്ലാതെ വരുന്ന രോഗികളോ മറ്റ് അശരണരോ ആയ 10 പേർക്ക് ഭക്ഷണം സൗജന്യമാണ്. രണ്ടിന് ശേഷം വരുന്ന സാധാരണക്കാർക്ക് 20 രൂപയ്ക്ക് ഊണ് ലഭിക്കില്ല. ഭക്ഷണ സമയത്ത് സ്‌പെഷൽ വിഭവങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് അതിനുള്ള വിലയും നൽകേണ്ടിവരും.
കാന്റീനിൽ ഒരേ സമയം 75 പേർക്കിരുന്ന് ഭക്ഷണം കഴിക്കാം. കൂടാതെ ബുഫേ സംവിധാനത്തിൽ കാന്റീനിനു പുറത്തെ മരത്തണലിലും ഇരുന്ന് ഭക്ഷണം കഴിക്കാം. 20 രൂപയുടെ ഭക്ഷണത്തിന് സിവിൽ സപ്ലൈസ് അഞ്ചു രൂപ സബ്‌സിഡി നൽകും. ഭക്ഷ്യവസ്തുക്കൾ അവർ തന്നെ നേരിട്ടെത്തിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെ സുഭിക്ഷ പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ഒരു കോടി രൂപയിൽ നിന്നാണ് ആദ്യഘട്ടമെന്നോണം കുന്നംകുളത്തെ ഇതിനായി തെരഞ്ഞെടുത്തത്.
20 രൂപയ്ക്ക് ഊണ് ഇങ്ങനെ
വിഭവങ്ങൾ ചോറ്, സാമ്പാർ, ഉപ്പേരി, കൂട്ടുകറി, പപ്പടം
രോഗികളോ മറ്റ് അശരണരോ ആയ 10 പേർക്ക് സൗജന്യം
2ന് ശേഷം വരുന്നവർ പണം അധികം നൽകണം
സ്‌പെഷൽ വിഭവങ്ങൾക്ക് പ്രത്യേകം പണം
കാന്റീനിൽ ഒരേ സമയം 75 പേർക്കിരുന്ന് ഭക്ഷണം കഴിക്കാം