മറ്റത്തൂർ: വാസുപുരത്ത് വീട്ടുപറമ്പുകളിൽ കാട്ടുപന്നി ശല്യം രൂക്ഷം. കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നുണ്ട്. നേന്ത്രവാഴയാണ് ഇപ്പോൾ പ്രധാനമായും നശിപ്പിക്കുന്നതെന്ന് കർഷകർ പറഞ്ഞു. പെരുപറമ്പിൽ പൗലോസ്, പോട്ടക്കാരൻ ലിസൻ, ചെറുപറമ്പിൽ യാക്കോബ്, പോൾ, ജോൺസൺ, മഞ്ഞളി ലോനക്കുട്ടി, നെല്ലിപ്പിള്ളി റപ്പായി എന്നിവരുടെ വാഴകളാണ് ഏറെയും നശിപ്പിച്ചത്.
പ്രദേശത്ത് പന്നിശല്യം മൂലം ചേന, ചേമ്പ്, കൊള്ളി എന്നിവ കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ചാക്കുകളിൽ മണ്ണ് നിറച്ച് കൃഷി ചെയ്ത ചേനകളും നശിപ്പിച്ചു. കുലയ്ക്കാറായ നേന്ത്ര വാഴകൾ കുത്തി മറിച്ച് പിണ്ടിയും, മാങ്ങുമാണ് പ്രധാനമായും തിന്നുന്നത്. പന്നി ശല്യം ചെറുക്കാൻ കമ്പിവേലി സ്ഥാപിച്ചെങ്കിലും ചാടിക്കടന്ന് കൃഷിയിടങ്ങളിൽ എത്തുന്നുണ്ടെന്നും വീട്ടുകാർ പറയുന്നു.