തൃശൂർ : ഗുരുവിനോട് അടുക്കുകയും ഗുരുവിന്റെ സന്ദേശങ്ങൾ സ്വാംശീകരിക്കാൻ ശ്രമിക്കുകയുമാണ് ഇന്നത്തെ കാലഘട്ടത്തിൽ പരമപ്രധാനമെന്ന് ഗുരുധർമ്മ പ്രചാരസഭ സെക്രട്ടറി സ്വാമി മുനി ഗുരുപ്രസാദ് പറഞ്ഞു. തൃശൂർ എലൈറ്റ് ഹോട്ടലിൽ കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ശ്രീനാരായണീയർ പോലും ഗുരുവിനെ അറിയാൻ ശ്രമിക്കുന്നില്ല. മറ്റെല്ലാ ഗുരുവര്യന്മാരിൽ ഭൂരിഭാഗവും ആത്മീയതയിലേക്ക് മാത്രമാണ് നയിച്ചതെങ്കിൽ ഗുരു സമസ്തമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് അഹ്വാനം ചെയ്തത്. ഗുരു സ്പർശിക്കാത്ത മേഖലകൾ ഇല്ലായെന്ന് തന്നെ പറയാം. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത മഹായോഗിയായിരുന്നു ഗുരുദേവൻ. വത്തിക്കാനും മക്കയുമെല്ലാം ചില വിശ്വാസ പ്രമാണങ്ങളിൽ അധിഷ്ഠിതമായി അറിയപ്പെടുമ്പോൾ ഗുരു സ്ഥാപിച്ച ശിവഗിരി മഠം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതോടെ ക്ഷേത്ര സങ്കൽപ്പങ്ങളിൽ തന്നെ മാറ്റം വന്നു.
ക്ഷേത്രങ്ങൾക്ക് ഒപ്പം ഉദ്യാനവും ഗ്രന്ഥശാലകളും വേണമെന്ന് ഗുരുദേവൻ ഉദ്‌ഘോഷിച്ചു. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ മിഷണറിമാരാണ് കേരളത്തിന് ഏറെ സംഭാവനകൾ നൽകിയതെന്ന് പറയുന്നുണ്ടെങ്കിലും അതിന് വഴികാട്ടിയായത് ഗുരുദേവ സന്ദേശങ്ങളാണ്.
വിദ്യ കൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരു സന്ദേശം അവർ ഏറ്റെടുക്കുകയാണ് ചെയ്തത്. ഗുരുസന്ദേശങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിക്കാൻ ശ്രമിക്കണം. അതിന്റെ ഭാഗമായാണ് അമേരിക്കയിൽ ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ ആശ്രമം നിർമ്മിക്കുന്നത്. അടുത്ത ഏപ്രിൽ മാസത്തോടെ ഗുരുദേവ പ്രതിഷ്ഠ അവിടെ നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും സ്വാമി പറഞ്ഞു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ, കർമ്മ ഭാരവാഹികളായ സിദ്ധകുമാർ, കൃഷ്ണാനനന്ദ ബാബു, നന്ദകുമാർ, പി.വി ഗോപി എന്നിവർ സംബന്ധിച്ചു.