മണ്ണുത്തി: യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന നാല് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ദേശീയപാത കുതിരാൻ ഇറക്കത്തിൽ ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. തിരുപ്പുരിൽ നിന്നും കോട്ടയത്തേക്ക് പോയിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ കുതിരാൻ ഇറക്കം ഇറങ്ങി തൃശുർ ഭാഗത്തേക്ക് വരുന്നതിനിടെ കാറിന്റെ മുൻഭാഗത്ത് വലിയ പുക ഉയരുകയും തുടർന്ന് ദേശീയ പാതയുടെ വശത്തേക്ക് കാർ ഉടൻ നീക്കി നിറുത്തി പുറത്തേക്ക് കടന്നു.
പിന്നീട് മിനിറ്റുകൾക്കകം കാർ പൂർണ്ണമായും കത്തിയമർന്നു. തുടർന്ന് തൃശുർ നിന്നും വടക്കഞ്ചേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തിരുപ്പുരിൽ നിന്നും കോട്ടയത്തേക്ക് കാമറ വാങ്ങാൻ പോയിരുന്ന ശിവകുമാർ, രജിത്, ചിരഞ്ജീവി, ശശികുമാർ എന്നീ യുവാക്കളാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വാടക വാഹനമാണെന്നും വാഹനത്തിലെ എ.സിയുമായി ബന്ധപ്പെട്ട തകരാറാണ് തീപിടുത്തത്തിന് കാരണമായതെന്നും പറയുന്നു. തൃശുർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ പി.കെ. സജീവന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.