ചാലക്കുടി: 14 ജീവനക്കാർക്കെതിരെ എ.ടി.ഒ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടി. കഴിഞ്ഞ മാസം നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് ജീവനക്കാർക്ക് നോട്ടീസ് നൽകിയത്.

വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പരിപാടികളിലേക്ക് ജീവനക്കാർ നീങ്ങുമെന്ന സൂചനയും വന്നുകഴിഞ്ഞു. നേരത്തെ ബസ് സ്റ്റാൻഡിൽ നടന്ന മരംമുറി സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് കാണിച്ച് ജീവനക്കാർ രണ്ടു ദിവസം മുമ്പ് ചാലക്കുടി ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു.

ഇതേത്തുടർന്ന് അടിയന്തരമായി പൊലീസ്, ഡിപ്പോ ഓഫീസറിൽ നിന്നും മൊഴിയെടുത്തു. ഇതിന്റെ പ്രതികാരമാണ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകലെന്ന് പറയുന്നു. അവലോകന യോഗത്തിൽ നൂറിലധികം ജീവനക്കാർ പങ്കെടുത്തിരുന്നില്ല. എന്നാൽ 14 പേർക്കെതിരെ നടപടിക്കൊരുങ്ങുന്ന എ.ടി.ഒയുടെ നിലപാട് ആസൂത്രിതമാണെന്ന് പറയുന്നു. ഇത്തരം നടപടികൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് ജീവനക്കാരുടെ വാദം.