വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ ആയിരംകണ്ണി ശ്രീഭഗവതി ക്ഷേത്രമഹോത്സവം കൂട്ടിയെഴുന്നള്ളിപ്പിൽ 32 ഗജവീരന്മാർ അണിനിരക്കും. 31 ഉത്സവകമ്മിറ്റികളുടെയും ട്രസ്റ്റിന്റെയും സെൻട്രൽ കമ്മിറ്റിയുടെയും സംയുക്തയോഗം ചേർന്നാണ് തീരുമാനമെടുത്തത്. യോഗത്തിൽ കെ.ആർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വാടാനപ്പിള്ളി സി.ഐ കെ.ആർ ബിജു, എസ്.ഐ രാമചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റും. കൂട്ടിയെഴുന്നള്ളിപ്പ് വൈകീട്ട് 5 മുതൽ 7 മണി വരെയാക്കി ക്രമീകരിച്ചു. വൈകീട്ട് 7.30 മുതൽ രാത്രി 10.30 വരെ വിവിധ കമ്മിറ്റികളുടെ കാവടി, തെയ്യം, നാടൻ കലാരൂപങ്ങൾ എന്നിവ ക്ഷേത്രാങ്കണത്തിൽ അണിനിരക്കും. യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി വിശ്വംഭരൻ കാതോട്ട്, ധർമ്മൻ കാതോട്ട്, ജയറാം കടവിൽ, വത്സൻ എടമന, രാജേഷ് ശേഖരൻ, ബിനീഷ്, സുദർശനൻ എന്നിവർ സംബന്ധിച്ചു.