തൃശൂർ: കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ സിക്കിമിൽ നിന്നുള്ള 32 അംഗ സംഘം കിലയിലെത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, സെക്രട്ടറിമാർ എന്നിവരാണ് സംഘത്തിലുള്ളത്. കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനം, കൈമാറി കിട്ടിയ സ്ഥാപനങ്ങൾ, ജനകീയാസൂത്രണം, സാമ്പത്തിക വികേന്ദ്രീകരണം, ഇ- പഞ്ചായത്ത് സംവിധാനം, കുടുംബശ്രീ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് ഇവർക്കു പരിശീലനം നൽകുന്നു. അഞ്ചുദിവസം നീളുന്ന പരിശീലന പരിപാടി കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. ഡോ. സണ്ണി ജോർജ്, പ്രൊഫ. ടി. രാഘവൻ, ഡോ. ജെ.ബി. രാജൻ, പി.വി. രാമകൃഷ്ണൻ, ആദർശ് പി. ദയൽ എന്നിവാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്. എടവിലങ്ങ്, പൂമംഗലം ഗ്രാമപഞ്ചായത്തുകൾ സന്ദർശിക്കുന്ന സംഘം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.