sahrdaya-srishty-project-
സൃഷ്ടി ദേശീയ പ്രൊജക്ട് മത്സരത്തിൽ സമ്മാനർഹരായ സഹൃദയയിലെ വിദ്യാർത്ഥികൾക്ക് എക്‌സി. ഡയറക്ടർ ഫാ. ജോർജ് പാറേമാൻ അവാർഡുകൾ സമ്മാനിക്കുന്നു.

കൊടകര: കോട്ടയം സെന്റ് ഗിറ്റ്‌സ് എൻജിനിയറിംഗ് കോളേജിൽ നടന്ന സൃഷ്ടി ദേശീയ പ്രൊജക്ട് മത്സരത്തിൽ മികച്ച കോളേജിനുള്ള അവാർഡ് കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിന് ലഭിച്ചു. കേരള സ്റ്റാർട്ട്അപ്പ് മിഷൻ, നാഷണൽ ഇൻസ്ട്രുമെന്റ്, മാത്ത് വർക്ക്‌സ്, ആൻസിസ് തുടങ്ങിയ കമ്പനികളുടെ നേതൃത്വത്തിലായിരുന്നു സൃഷ്ടി 2020 പ്രൊജക്ട് മത്സരം നടത്തിയത്. സഹൃദയ കോളേജിന്റെ പ്രൊജക്ട് ഓറിയന്റഡ് ലേണിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച പ്രൊജക്ടുകൾ തയ്യാറാക്കിയതിന്റെ അംഗീകാരമായാണ് മികച്ച കോളജിനുള്ള അവാർഡ് ലഭിച്ചത്.

ഭാരതത്തിലെ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള 145 കോളജുകളിലെ 789 പ്രൊജക്ടുകളിൽ നിന്നാണ് സഹൃദയയിലെ പ്രൊജക്ടുകൾക്ക് അവാർഡ് ലഭിച്ചത്. ബയോമെഡിക്കൽ വിഭാഗം വിദ്യാർത്ഥികളുടെ മൂന്ന് പ്രൊജക്ടുകൾക്ക് നാല് അവാർഡുകളാണ് ലഭിച്ചത്. കൊണ്ട് നടക്കാവുന്ന ഫിസിയോ തെറാപ്പി യന്ത്രമായ ഐക്യുവർ ആണ് മികച്ച ഇൻസ്ട്രുമെന്റേഷൻ പ്രൊജക്ടായി തിരഞ്ഞെടുത്തത്. സെറിബ്രൽ പ്ലാസി രോഗികൾക്കുള്ള ആശയ വിനിമയ സംവിധാനം വികസിപ്പിച്ചതിനാണ് മികച്ച കംപ്യൂട്ടർ പ്രൊജക്ടിനുള്ള സമ്മാനം ലഭിച്ചത്. മനുഷ്യരുടെ മുഖത്തിന്റെ വീഡിയോ പരിശോധിച്ച് ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യക്കാണ് മികച്ച മാറ്റ്‌ലാബ് പ്രൊജക്ടിനും മികച്ച അനലിറ്റിക്കൽ പ്രൊജക്ടിനുമുള്ള അവാർഡുകൾ ലഭിച്ചത്.

ബയോടെക്‌നോളജി വിദ്യാർത്ഥികൾ തയ്യാറാക്കിയ ബയോ ഡിഗ്രേഡബിൾ പ്ലാസ്റ്റിക്കിനാണ് കെമിക്കൽ വിഭാഗത്തിലെ മികച്ച പ്രൊജക്ടിനുള്ള അവാർഡ്. വിജയികളായ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സഹൃദയ ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മാനേജർ മോൺ. ലാസർ കുറ്റിക്കാടൻ, എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോർജ് പാറേമാൻ, ഡയറക്ടർ ഡോ. എലിസബത്ത് ഏല്യാസ്, പ്രിൻസിപ്പൽ ഡോ. നിക്‌സൻ കുരുവിള തുടങ്ങിയവർ അഭിനന്ദിച്ചു.