തൃശൂർ: കല്യാണ ബ്രോക്കർ ചമഞ്ഞ് വീടുകളിൽ കയറി മോഷണം നടത്തുന്നയാൾ പിടിയിൽ. മൂവാറ്റുപുഴ കടമറ്റം ഗോപാലകൃഷ്ണനാണ് (80) വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഒളരി ശിവരാമപുരം കോളനിയിൽ പാലക്കൊടിയിൽ വിനേഷിന്റെ വീട്ടിൽ ബ്രോക്കർ ചമഞ്ഞ് എത്തി ഇയാൾ മോഷണം നടത്തിയിരുന്നു.
വീട്ടുകാരുമായി കല്യാണ ആലോചനകൾ സംസാരിച്ച് സൗഹൃദം സ്ഥാപിച്ച്, ഇയാൾ ചായ ആവശ്യപ്പെട്ടു. വീട്ടുകാർ ചായ ഉണ്ടാക്കാൻ അടുക്കളയിൽ പോയപ്പോൾ കിടപ്പുമുറിയിലെത്തി രണ്ടരപവന്റെ മാല മോഷ്ടിക്കുകയായിരുന്നു. നഗരത്തിലെ ജുവലറിയിൽ വിൽപ്പന നടത്തിയ മാല പൊലീസ് കണ്ടെടുത്തു. എസ്. ഐ ബൈജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.