തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ കരാറുകാർ സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ, കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ, തൃശൂർ കോർപറേഷൻ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഗവ. കരാറുകാർ ഇന്ന് കോർപറേഷൻ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും.
രാവിലെ 10.30ന് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ട്രഷറി നിയന്ത്രണം പിൻവലിക്കുക, കരാർ ജോലികൾ തീരുന്ന മുറയ്ക്കു തന്നെ പണം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ബിൽ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം വഴി നൽകുന്ന പണത്തിന്റെ പലിശ പൂർണ്ണമായും സർക്കാർ വഹിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എ.കെ.ജി.സി.എ ചെയർമാൻ പാവു ജോസഫ്, കെ. മനോജ്കുമാർ, നൈജോ കാച്ചപ്പിള്ളി, കെ.എസ് സുനോജ്, ടി.ആർ സുരേഷ്‌കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു..