തൃശൂർ: കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിൽ വൻ അഴിമതി നടക്കുന്നതായി സ്വാശ്രയ കർഷക സ്വതന്ത്ര യൂണിയൻ സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ചില ഉദ്യോഗസ്ഥർ ചേർന്നാണ് നടീൽ വസ്തുക്കളുടെ നടത്തിപ്പിൽ അഴിമതി നടത്തുന്നത്. കർഷക പ്രതിനിധികളായി വി.എഫ്.പി.സി.കെയിൽ നിയമിതരായവർ കർഷകർക്കായി ഒന്നും ചെയ്യുന്നില്ല. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് പ്രയോജനം ലഭിക്കുന്നതിനാണ് വി.എഫ്.പി.സി.കെ രൂപീകരിച്ചത്. ഭരണപക്ഷ യൂണിയന്റെ ഒത്താശയോടെ കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് നടക്കുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് കർഷകർക്ക് ലഭിക്കേണ്ട 18.5 കോടിയാണ് നഷ്ടമായത്. മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നേന്ത്രക്കായുടെ വില 10-20 എന്ന നിരക്കിലെത്തിയിട്ടും ഇടപെടലുകൾ നടത്താൻ വി.എഫ്.പി.സി.കെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരോക്ഷമായ സമരത്തിന് തയ്യാറായതെന്ന് സംസ്ഥാന ഭാരവാഹി പി.കെ സുബ്രഹ്മണ്യൻ പറഞ്ഞു. കൃഷിക്കാരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവില നിയന്ത്രിക്കുക, വിള ഇൻഷ്വറൻസ് ചെയ്ത കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനയുടെ നേതൃത്വത്തിൽ 26 ന് രാവിലെ പതിനൊന്നിന് വി.എഫ്.പി.സി.കെയുടെ കാക്കനാട്ടെ ഹെഡ് ഓഫീസിന് മുന്നിലേയ്ക്ക് കർഷകരുടെ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എസ്.കെ സത്താർ, സി.എം ശിവൻ, ടി.ജി ഷാജി, രാംകുമാർ എന്നിവരും പങ്കെടുത്തു.