കൊടുങ്ങല്ലൂർ: മലയാള സാഹിത്യത്തിനും ചലച്ചിത്ര രംഗത്തും അമൂല്യ സംഭാവനകൾ നൽകിയ കൊടുങ്ങല്ലൂരിന്റെ അഭിമാനമായ പി. ഭാസ്കരന്റെ ഓർമ്മക്കായി കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിലുള്ള ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പി. ഭാസ്കരന്റെ പേര് നൽകും. ഇനി മുതൽ പി ഭാസ്കരൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുക. നഗരസഭാ കൗൺസിൽ യോഗമാണ് ഈ തീരുമാനമെടുത്തത്. മുൻ ചെയർമാൻ സി.സി. വിപിൻചന്ദ്രന്റെ നേതൃത്വത്തിലുള്ള പി.ഭാസ്കരൻ ഫൗണ്ടേഷൻ നഗരത്തിൽ നടത്തിയ ഭാസ്കരസന്ധ്യയിൽ ആശംസാപ്രസംഗത്തിനിടയിൽ സ്കൂളിന് മാഷുടെ പേര് നൽകുവാൻ കൗൺസിൽ തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചിരുന്നു. പി.ഭാസ്കരൻ പഠിച്ച സ്കൂൾ കൂടിയാണിത്. ഇനി പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. പി ഭാസ്കരന് കൊടുങ്ങല്ലൂരിൽ സ്മാരകം നിർമ്മിക്കുന്നതിന് സർക്കാരുമായി ബന്ധപ്പെടുന്നതിനും സാംസ്കാരിക-സാമൂഹിക പ്രവർത്തകരെ യോജിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിനും നഗരസഭ മുൻകൈ എടുക്കുമെന്ന് കെ.ആർ. ജൈത്രൻ അറിയിച്ചു.