തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിലുള്ള ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് കവിയും ഗാനരചയിതാവുമായ പി. ഭാസ്‌കരന്റെ പേര് നൽകാൻ തീരുമാനമായതായി നഗരസഭ ചെയർമാൻ കെ. ആർ ജൈത്രൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അനുമതി കൂടി ലഭിച്ചാൽ ഗവ. ബോയ്സ് എച്ച്.എസ്.എസ് പി. ഭാസ്‌കരൻ ഹയർസെക്കൻഡറി സ്‌കൂൾ എന്ന് ഇതറിയപ്പെടും.

നഗരസഭ യോഗത്തിലാണ് തീരുമാനം. മലയാള സാഹിത്യത്തിനും ചലച്ചിത്ര രംഗത്തും അമൂല്യ സംഭാവനകൾ നൽകി കൊടുങ്ങല്ലൂരിന്റെ അഭിമാനമായ പി. ഭാസ്‌കരൻ പഠിച്ച സ്‌കൂളാണ് ഇത്. വിദ്യാർത്ഥി യൂണിയനിലൂടെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനം തുടങ്ങിയത് ഈ സ്‌കൂളിലായിരുന്നു. അദ്ദേഹത്തിന് ജന്മനാട്ടിൽ സ്മാരകം നിർമ്മിക്കുന്നതിന് സർക്കാരുമായി ബന്ധപ്പെടുന്നതിനും സാംസ്‌കാരിക-സാമൂഹിക പ്രവർത്തകരെ യോജിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിനും നഗരസഭ മുൻകൈ എടുക്കുമെന്നും ചെയർമാൻ അറിയിച്ചു.