എരുമപ്പെട്ടി: നെല്ലുവായ് ശ്രീ മാരിയമ്മൻ മഹോത്സവം ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 28, 29 തീയതികളിൽ രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ അന്നദാനം എന്നിവ നടക്കും. വൈകിട്ട് നിറമാല ചുറ്റുവിളക്ക് എന്നിവയുണ്ടാകും. 28ന് വൈകിട്ട് നെല്ലുവായ് പാറക്കാവിൽ നിന്ന് ഉടുക്ക് വദ്യത്തോടെ കരകം എഴുന്നള്ളിപ്പ് നടക്കും. 29ന് രാവിലെ നടക്കൽ പറയും, പറയെടുപ്പും നടക്കും. വൈകിട്ട് 7.30 ന് ഭക്തിഗാനമേള നടക്കും.

മാർച്ച് ഒന്നിന് വൈകിട്ട് 6.30 മുതൽ മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഉടുക്ക് വാദ്യത്തോടെ കരകം എഴുന്നള്ളിപ്പ് നടക്കും. രണ്ടിന് പുലർച്ചെ രണ്ടിന് തീയാട്ടം, ഗുരുതിയാട്ടം, അ‌ഞ്ചിന് പാറക്കടവിലേക്ക് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. ക്ഷേത്രത്തിൽ കുങ്കുമ പറ, മഞ്ഞൾ പറ, ഭസ്മ പറ, നാണയ പറ എന്നിവ ദിവസവും രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെയും നടക്കും. മാവിളക്ക് പ്രത്യേക വഴിപാടും ഉണ്ടാകും. തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരി, മോഹൻ പൂശാലി എന്നിവർ മുഖ്യകാർമികരാകും. വാർത്താ സമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ആർ. രാധാകൃഷ്ണൻ, ബാലൻ തോപ്പിൽ, രാജൻ മുത്തു എന്നിവർ പങ്കെടുത്തു.