എരുമപ്പെട്ടി: വെള്ളറക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വി.കെ. രഘു നടത്തിയ അഴിമതി ആരോപണം പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് പഞ്ചായത്തിന്റെയും സഹകരണ വകുപ്പിന്റെയും അനുമതിയോടെയാണ് നിർമ്മാണം നടത്തിയിട്ടുള്ളത്.

മലപ്പുറം ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനം ആണ് നിർമ്മാണത്തിന് ക്വട്ടേഷൻ എടുത്തിരുന്നത്. റിട്ടയേർഡ് ഗവ. എൻജിനിയറാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും നിലവിലുള്ള കെട്ടിടത്തിന് മുകളിലാണ് നടത്തിയിട്ടുള്ളത്. പൊതുസ്ഥലം കൈയേറിയിട്ടില്ല. നിർമ്മാണം പൂർത്തിയാക്കി ഒന്നര വർഷത്തിനു ശേഷമാണ് വി.കെ. രഘു രാഷ്ട്രീയപ്രേരിതമായി ആരോപണവുമായി രംഗത്തെത്തിയത്.

1991 ബാങ്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ നോമിനേഷൻ പേപ്പർ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാണ് വി.കെ. രഘു. നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയെ തുടർന്നുള്ള നടപടികൾ നടന്നുവരികയാണ്. കാർഷിക രംഗം ഉൾപ്പെടെയുള്ള സേവനങ്ങളിൽ മികവ് പുലർത്തുന്ന ബാങ്കിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം സഹകാരികളും നാട്ടുകാരും തള്ളിക്കളയുമെന്ന് ബാങ്ക് പ്രസിഡന്റ് എം.ടി. വേലായുധൻ മാസ്റ്റർ അറിയിച്ചു.