well
മുരിങ്ങൂരിലെ മലിനപ്പെട്ട കിണർ

ചാലക്കുടി: മുരിങ്ങൂരിലെ ഏതാനും വീടുകളിലെ കിണറ്റിൽ ആൽക്കഹോൾ കലർന്നെന്ന് പരാതി ഉയർന്നു. കെ.കെ റോഡിലെ ആറു വീടുകളിലെ കിണറുകളാണ് ഉപയോഗ ശൂന്യമായത്. ഇവർ കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നില്ല. പ്രദേശത്തെ മദ്യനിർമ്മാണ കമ്പനിയിൽ പഴക്കമേറിയ മദ്യം ഒഴുക്കിക്കളഞ്ഞെന്നും ഇവയാണ് കിണറുകളിൽ എത്തിയതെന്നുമാണ് നാട്ടുകാരുടെ പരാതി.

അമ്പൂക്കൻ ജോജോയുടെയും മറ്റൊരു വീട്ടിലെയും കിണറുകൾ രണ്ടുമാസമായി ഉയോഗിക്കാൻ കഴിയുന്നില്ല. ചെർപ്പണത്ത് ഡേവിസ് എന്നയാളുടെ കിണറ്റിലേക്കും ഒരു മാസം മുമ്പ് മാലിന്യം എത്തിയിരുന്നു. രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതിനാൽ ഇവർ വാട്ടർ അതോറിറ്റിയെയാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്.

മറ്റു നാലു വീടുകളിലെ കിണറുകളിലെ വെള്ളവും ഇപ്പോൾ മലിനപ്പെട്ടു കഴിഞ്ഞു. പ്രദേശത്തുള്ള മറ്റു വീട്ടുകാരും ആശങ്കയിലാണ്. മേലൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു. പരാതിയെ തുടർന്ന് കഴിഞ്ഞ മാസം രണ്ടു വീടുകളിലെ കിണർ ക്ലോറിനേഷൻ നടത്തിയിരുന്നു. ഇവയടക്കമാണ് വീണ്ടും മലിനപ്പെട്ടത്.