കൊടകര: മറ്റത്തൂർകുന്ന് പഞ്ചായത്തിലെ മലയോര മേഖലയിൽ കാട്ടാനശല്യം മൂന്ന് വർഷമായി രൂക്ഷമാണെങ്കിലും സർക്കാർ നടപടി കാര്യക്ഷമായിട്ടില്ല. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ചൊക്കനയിൽ വീട്ടുമുറ്റത്ത് കാട്ടാനയെ കണ്ട് ഭയന്ന് ബോധരഹിതയായി ചികിത്സയിലായിരുന്ന കൊഴപ്പ വീട്ടിൽ മുഹമ്മദാലിയുടെ ഭാര്യ റാബിയ (33) ഒരാഴ്ച മുമ്പ് മരിച്ചിരുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ ജനവാസമേഖലകളിൽ മേയാനെത്തുന്നുണ്ട്. ഇവ കൃഷിയും നശിപ്പിക്കും. പത്തോളം പേരെങ്കിലും കാട്ടാന ആക്രമണത്തിന് ഇരയായിട്ടുണ്ട്.

മൂന്ന് വർഷം മുമ്പ് മേയിൽ മുപ്ലിയിൽ ആരംഭിച്ച കാട്ടാനശല്യം മറ്റത്തൂർ പഞ്ചായത്തിലെ പോത്തംചിറ, താളൂപ്പാടം, കാരിക്കടവ്, ഇഞ്ചക്കുണ്ട്, പരുന്തുപാറ, പത്തുകുളങ്ങര, അമ്പനോളി, നായാട്ടുകുണ്ട്, ചൊക്കന, ഹാരിസൻ മലയാളം പ്ലാന്റേഷൻ, വെള്ളിക്കുളങ്ങര, പുത്തനോളി, താളുപ്പാടം, കുറിഞ്ഞി പാടം, വെള്ളിക്കുളങ്ങര മിച്ചഭൂമി തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചു. വാഴ, കവുങ്ങ്, തെങ്ങ്, പ്ലാവ് എന്നിവയാണ് നശിപ്പിക്കുന്നത്. സോളാർ വേലി സ്ഥാപിച്ചെങ്കിലും നിലവാരമില്ലാത്തതിനാൽ ഫലപ്രദമായില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടെങ്കിലും നഷ്ടപരിഹാരം തുച്ഛമാണ് ലഭിക്കുന്നത്. വില്ല്‌കുന്ന് മലയിൽ തമ്പടിച്ചാണ് ആനകൾ സമീപപ്രദേശങ്ങളിലെത്തുന്നത്. കാട്ടിൽ കാട്ടുമൃഗങ്ങൾ വർദ്ധിച്ചതും കടുത്തവേനലിൽ വെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുന്നതുമാണ് പ്രശ്നമെന്ന് മലയോര കർഷകർ പറയുന്നു.