തൃശൂർ : ചിന്നം വിളിച്ചെത്തുന്ന കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണ ഭീതിയിലാണ് മലയോരവാസികൾ. വന്യജീവികളുടെ ആക്രമണത്തിൽ രണ്ടു വർഷത്തിനിടെ മൂന്നു ജീവനുകൾ നഷ്ടമാകുകയും നിരവധി പേർ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാടിറങ്ങിയെത്തിയ വന്യമൃഗങ്ങൾ ഈ പ്രദേശത്ത് വരുത്തിയ കൃഷിനാശത്തിന്റെ കണക്കുകൾ തിട്ടപ്പെടുത്താൻ പോലും സാധിച്ചിട്ടില്ല.
കൂടുതൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലങ്ങൾ
കൊടകര, ചാലക്കുടി, പുതുക്കാട് മേഖലകൾ, പുത്തൂർ പഞ്ചായത്തിലെ മാന്ദാമംഗലം, മറ്റത്തൂർ പഞ്ചായത്തിലെ ചൊക്കന, നായാട്ടുകുണ്ട്, പത്താഴക്കുണ്ട്, പോത്തൻചിറ, മുപ്ലി, താളൂപ്പാടം, കാരിക്കടവ്, കോടശേരി പഞ്ചായത്തിലെ കരിക്കാട്ടോളി, കോർമല, രണ്ടുകൈ, ചായ്പ്പൻകുഴി, വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളി, കുണ്ടായി, ആറളപ്പാടി എന്നിവിടങ്ങൾ.
ഇറങ്ങുന്ന വന്യമൃഗങ്ങൾ
പുലി, കാട്ടാന, കാട്ടുപന്നി, മാൻ, ചെന്നായ, കുരങ്ങ്
ജീവൻ നഷ്ടപ്പെട്ടത് മൂന്നു പേർ
രണ്ട് വർഷത്തിനിടെ മലയോരത്ത് നിന്ന് വന്യമൃഗങ്ങൾ കവർന്നെടുത്തത് മൂന്നു ജീവനുകളാണ്. 2018ൽ ഇഞ്ചക്കുണ്ട് റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസ് കണ്ടക്ടർ നാസർ, ചൊക്കന എസ്‌റ്റേറ്റ് പാഡിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളി കൊഴപ്പ വീട്ടിൽ മുഹമ്മദലിയുടെ ഭാര്യ റാബിയ (34), ഇന്നലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പുത്തൂർ മാന്ദാമംഗലം സ്വദേശി കുണ്ടുക്കാരൻ ദാമോദരൻ എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
..........
ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലയളവ് കാട്ടിലെ ജലാംശം കുറയുന്ന കാലഘട്ടമാണ്. പച്ചപ്പ് പോലും ഇല്ല. അതുകൊണ്ട് തന്നെ വന്യമൃഗങ്ങൾ ഇവ അന്വേഷിച്ചെത്തും. ഇത് തടയാൻ ട്രഞ്ച് ഉൾപ്പടെയുള്ളവ ഉണ്ടെങ്കിൽ മാത്രമേ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കൂ..
(പി.എം പ്രഭു, അസി. ഫോറസ്റ്റ് കൺസർവേറ്റർ, തൃശൂർ)